തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ ഇടപെടൽ നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നിൽ ഗ്രേഡ് എസ്‌ഐമാർ മൊഴി നൽകിയതായി റിപ്പോർട്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടികൾ നടന്നതെന്ന് എഡിജിപിയുടെ ഓഫീസിലെ ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തും സമ്മതിച്ചതായാണ് വിവരം.
എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യം ആരോപണങ്ങൾ നിഷേധിച്ച ഇരുവരും, പിന്നീട് തെളിവുകൾ മുന്നോട്ടുവെച്ചതോടെ സംഭവവിവരങ്ങൾ വിശദീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
2024 ഓഗസ്റ്റ് 4-ന് കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥരോട് എഡിജിപിയുടെ ഓഫീസിൽ ഹാജരാകാൻ ഗിരീഷും ശ്രീകാന്തും ആവശ്യപ്പെട്ടതായും മൊഴിയിലുണ്ട്. അന്നത്തെ സമയത്ത് എഡിജിപി വയനാട് ദുരന്തബാധിത മേഖലയിൽ ആയിരുന്നുവെങ്കിലും ഫോണിലൂടെ നിർദേശങ്ങൾ നൽകിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
ഓഗസ്റ്റ് 5-ന് ഓഫീസിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ കൈമാറിയതായും പറയുന്നു. എന്നാൽ ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ മാറ്റം വരുത്താതെ കോടതിയിൽ സമർപ്പിച്ചു.
തുടർന്ന് എഡിജിപിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 13-ന് അന്വേഷണ ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചുവരുത്തുകയും ഓഫീസിൽവച്ച് റിപ്പോർട്ട് തിരുത്തിയെഴുതുകയും ചെയ്തതായി മൊഴിയിലുണ്ട്. ഓഗസ്റ്റ് 15-ന് ഓഫീസിലെത്തിയ എഡിജിപി തിരുത്തിയ റിപ്പോർട്ട് പരിശോധിച്ച് അംഗീകരിക്കുകയും അത് കോടതിയിലെത്തുന്നുവെന്ന് ഉറപ്പാക്കിയതായും ഗ്രേഡ് എസ്‌ഐമാർ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ തുടർനടപടികൾ നിർണായകമാകുമെന്നും സൂചനയുണ്ട്.
English Summary
Two Grade Sub-Inspectors attached to ADGP M.R. Ajith Kumar’s office have reportedly told the SIT that they acted on instructions from the ADGP in connection with alleged efforts to influence the investigation into the assault case involving former Chief Minister Pinarayi Vijayan’s gunmen. The officers are said to have admitted their role after being confronted with evidence during questioning.
