പത്തനാപുരം: പത്തനാപുരം എംഎൽഎ ജ്യോതികുമാർ ചാമക്കാലയുടെ സ്വീകരണച്ചടങ്ങിനിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. രമേശ് ചെന്നിത്തല വിഭാഗവും കെ.സി. വേണുഗോപാൽ വിഭാഗവും തമ്മിലുണ്ടായ തർക്കമാണ് കൈയാങ്കളിയിലേക്ക് നീണ്ടത്.
പത്തനാപുരം കിഴക്കേത്തെരുവ് പള്ളിമുക്കിൽ നടന്ന സ്വീകരണ പരിപാടിക്കിടെയാണ് സംഭവം. വാക്കുതർക്കമായി തുടങ്ങിയ തർക്കം പിന്നീട് സംഘർഷത്തിലേക്ക് മാറുകയും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഘർഷത്തിനിടെ കല്ലേറും നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇരു വിഭാഗങ്ങളിലുമുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്.
സംഭവം രൂക്ഷമായതോടെ സ്വീകരണം ഏറ്റുവാങ്ങാൻ എത്തിയ എംഎൽഎ ജ്യോതികുമാർ ചാമക്കാല വേദി വിട്ട് വാഹനത്തിൽ കയറി മടങ്ങുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ നിലനിന്നു. സംഭവത്തിൽ പൊലീസ് വിവരശേഖരണം നടത്തിവരികയാണ്.
English Summary: A reception event for Pathanapuram MLA Jyothikumar Chamakkala turned violent after a clash between rival Congress factions. Stone-pelting and scuffles were reported, forcing the MLA to leave the venue.
