അഹമ്മദാബാദ്: അന്ധവിശ്വാസത്തിന്റെ പേരിൽ ഗ്രാമവാസികൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ വിജയ്നഗർ താലൂക്കിലെ ഗാഡിവക്ഡ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഗ്രാമവാസിയായ കംലാബെന്നിനെ മന്ത്രവാദിനിയെന്ന് മുദ്രകുത്തി വ്യാജപ്രചാരണം നടത്തിയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് അക്രമാസക്തരായ ഒരു സംഘം ഇവരുടെ വീട് വളഞ്ഞ് കുടുംബത്തോട് ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.
തർക്കം രൂക്ഷമായതോടെ ജനക്കൂട്ടം കംലാബെന്നിനെ ആക്രമിക്കാൻ ശ്രമിച്ചു. വീടിന് നേരെ കല്ലേറുണ്ടായതോടെ ഭാര്യയെ സംരക്ഷിക്കാൻ ഭർത്താവ് മനുഭായ് രാംജിഭായ് ദാമോറും മക്കളും മുന്നോട്ട് വരികയായിരുന്നു.
എന്നാൽ മാരകായുധങ്ങളുമായി എത്തിയ ജനക്കൂട്ടം മനുഭായിയെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനുഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപുതന്നെ മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ രണ്ട് കുടുംബാംഗങ്ങൾ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെ 12 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അന്ധവിശ്വാസവും വ്യാജപ്രചാരണങ്ങളും എത്രത്തോളം ഗുരുതരമായ അക്രമങ്ങളിലേക്ക് നയിക്കാമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
English Summary: A man was killed while trying to protect his wife from a mob attack in Gujarat after villagers falsely branded her a witch. Police have registered a murder case against 12 people and launched a manhunt.
