facebook

രാജ്യത്തെ ആദ്യ ട്രാൻസ്ഫർ കാർഗോ സുരക്ഷാ കേന്ദ്രം സിയാലിൽ; ചരക്കുനീക്കം ഇനി മണിക്കൂറുകൾക്കുള്ളിൽ

2 Min Read

കൊച്ചി: രാജ്യാന്തര ചരക്കുനീക്കവും സുരക്ഷാ പരിശോധനകളും കൂടുതൽ വേഗത്തിലാക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) പുതിയ സംവിധാനം പ്രവർത്തനസജ്ജമായി.

 രാജ്യത്തെ വിമാനത്താവളങ്ങളിൽ ആദ്യമായി നടപ്പാക്കുന്ന ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കാർഗോ കൈമാറ്റത്തിന് വേണ്ടിവരുന്ന സമയം ഗണ്യമായി കുറയും.

സുരക്ഷാ പരിശോധനയിൽ 95 ശതമാനം വരെ കുറവ്

ആഭ്യന്തര വിമാനങ്ങളിൽനിന്ന് രാജ്യാന്തര വിമാനങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം വേഗത്തിലാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. 

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), സി.ഐ.എസ്.എഫ്, കസ്റ്റംസ് എന്നീ ഏജൻസികളുടെ സഹകരണത്തോടെയാണ് സിയാൽ പദ്ധതി നടപ്പാക്കിയത്.

നിലവിലെ രീതിയിൽ ആഭ്യന്തര വിമാനങ്ങളിൽ എത്തുന്ന ചരക്കുകൾ ഓപ്പറേഷണൽ മേഖലയിൽനിന്ന് കാർഗോ ടെർമിനലിലേക്ക് മാറ്റി സുരക്ഷാ പരിശോധന നടത്തേണ്ടിവന്നിരുന്നു. 

പരിശോധന പൂർത്തിയാക്കിയശേഷം വീണ്ടും അടുത്ത വിമാനത്തിലേക്ക് കയറ്റുകയും വേണം. ഈ നടപടികൾ പൂർത്തിയാക്കി ചരക്കുകൾ തുടർവിമാനങ്ങളിലേക്ക് കൈമാറാൻ ഏകദേശം മൂന്ന് ദിവസം വരെ വേണ്ടിവന്നിരുന്നു.

എന്നാൽ പുതിയ സംവിധാനം വരുന്നതോടെ ഓപ്പറേഷണൽ ഏരിയയ്ക്ക് സമീപമുള്ള പ്രത്യേക ഹോൾഡ് ഏരിയയിൽവെച്ചുതന്നെ സുരക്ഷാ പരിശോധന പൂർത്തിയാക്കാം.

 നിലവിലെ രീതിയുമായി താരതമ്യം ചെയ്യുമ്പോൾ സുരക്ഷാ പരിശോധനാ നടപടികളിൽ ഏകദേശം 95 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

 ഇതോടെ മണിക്കൂറുകൾക്കുള്ളിൽതന്നെ ചരക്കുകൾ തുടർവിമാനങ്ങളിലേക്ക് കൈമാറാൻ സാധിക്കും.

ബി.സി.എ.എസ് മാർഗനിർദേശങ്ങൾ അനുസരിച്ച് സംവിധാനം

ട്രാൻസ്ഫർ ചരക്കുനീക്കം വേഗത്തിലാക്കുന്നതിനായി വിമാനത്താവളങ്ങൾക്കായി ബി.സി.എ.എസ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. 

ഈ നിർദേശങ്ങൾ പാലിച്ചാണ് സിയാലിൽ ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയ സജ്ജീകരിച്ചത്.

ആവർത്തിച്ചുള്ള സുരക്ഷാ പരിശോധനകൾ ഒഴിവാക്കുന്നതിലൂടെ ചരക്കുനീക്കത്തിലെ സമയവും ചെലവും കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും. 

രാജ്യാന്തര കാർഗോ രംഗത്ത് കൊച്ചിയുടെ പ്രാധാന്യം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും.

ഗൾഫ്, ഏഷ്യൻ വിപണികളിലേക്ക് ചരക്കുനീക്കം വിപുലീകരിക്കും

ഗൾഫ്, കിഴക്കൻ ഏഷ്യൻ മേഖലകളിലേക്കുള്ള കൊച്ചിയുടെ വിമാനബന്ധം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്നുള്ള ചരക്കുകൾ രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

പുതിയ സംവിധാനം രാജ്യാന്തര ചരക്കുനീക്കത്തിൽ കൊച്ചിയുടെ പ്രാധാന്യം വർധിപ്പിക്കുന്ന സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ചരക്കുനീക്ക ശൃംഖല യൂറോപ്പിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Chief Minister V.D. Satheesan inaugurated India’s first Transfer Cargo Security Hold Area at Cochin International Airport. The facility is expected to reduce security procedures by around 95% and cut cargo transfer time from nearly three days to just a few hours.

Share This Article