ന്യൂഡൽഹി: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ദരിദ്ര പ്രദേശങ്ങളിലെ ദൃശ്യങ്ങൾ ഡൽഹിയുടേതെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച ചൈനീസ് ബ്ലോഗർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ.
സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജ പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് നിലപാട് വ്യക്തമാക്കിയത്. ഇത്തരം ശ്രമങ്ങൾ നടത്തുന്നവരുടെയും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെയും വിശ്വാസ്യത തകർക്കുക മാത്രമേ ഇത്തരം വ്യാജ പ്രചാരണങ്ങൾ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ബ്ലോഗർമാരുടെ ലൈവ് സ്ട്രീമിങ്ങ്
കഴിഞ്ഞ ഏതാനും മാസങ്ങളായി ധാക്കയിലെ ദരിദ്ര പ്രദേശങ്ങളിൽ തമ്പടിച്ച് നൂറ്റമ്പതോളം ചൈനീസ് പൗരന്മാർ ഇത്തരം വ്യാജ ലൈവ് സ്ട്രീമിങ്ങുകൾ നടത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തെക്പാറ, ഉത്തറ തുടങ്ങിയ പ്രദേശങ്ങളിലെ ഇടുങ്ങിയ വഴികളിൽനിന്നും സാധാരണക്കാരുടെ വീടുകളിൽ കയറിയുമാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിതമായി വ്യാജ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതായാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭൂമിശാസ്ത്രപരമായ വസ്തുതകൾ മറച്ചുവെച്ച് ധാക്കയിലെ ദൃശ്യങ്ങളെ ഡൽഹിയുടേതായി അവതരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
‘മിയാൻമിയാൻ’ നടത്തിയ ലൈവ്
ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ‘മിയാൻമിയാൻ’ എന്ന ബ്ലോഗർ നവംബർ ഒന്നിന് ധാക്കയിലെ ഉത്തറ സെക്ടർ 12-ലെ കനാലിന് സമീപത്തുനിന്ന് ലൈവ് സ്ട്രീമിങ് നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രദേശം ന്യൂഡൽഹിയാണെന്ന് ചൈനീസ് പ്രേക്ഷകരോട് ഇവർ അവകാശപ്പെട്ടു.അവിടുത്തെ വീടുകളും പരിസരവും വൃത്തിഹീനവും വികസനമില്ലാത്തതുമാണെന്നും പ്രദേശത്തെ ക്രമസമാധാനനില മോശമാണെന്നും ഇവർ വീഡിയോയിൽ പറഞ്ഞു.
ടിൻഷീറ്റ് മേഞ്ഞ വീടുകൾക്കുള്ളിൽ ഫാൻ പോലുമില്ലെന്നും ഇവർ പ്രചരിപ്പിച്ചു.
ധാക്കയിലെ ജീവിതത്തെക്കുറിച്ചും അധിക്ഷേപകരമായ പരാമർശം
മറ്റൊരു സംഭവത്തിൽ ധാക്കയിലെ തെക്പാറയിലെ ചായക്കടയിൽനിന്ന് ലൈവ് നൽകിയ ചൈനീസ് ബ്ലോഗർ പ്രദേശവാസികൾ കുടിക്കുന്ന ചായയിൽ ‘പശുവിൻ മൂത്രം’ ചേർത്തിട്ടുണ്ടെന്ന തരത്തിൽ അധിക്ഷേപകരമായ പരാമർശം നടത്തിയതായും റിപ്പോർട്ടുണ്ട്.
പ്രദേശവാസികളുടെ ജീവിതശൈലിയെയും ശുചിത്വത്തെയും മോശമായി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു പ്രചാരണം.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ ഉള്ളടക്കങ്ങൾ നിർമിച്ച് ഇന്ത്യക്കെതിരെ ആഗോളതലത്തിൽ നിഷേധാത്മക പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ്യാജ ദൃശ്യങ്ങളും അതിവേഗം പ്രചരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന സുരക്ഷാ, പ്രചാരണ ഭീഷണികളുടെ ഗൗരവവും സംഭവം വ്യക്തമാക്കുന്നു.
English Summary : India has sought action against Chinese social media bloggers who allegedly circulated visuals from impoverished areas of Dhaka as scenes from New Delhi. The Ministry of External Affairs called such attempts to tarnish India’s image internationally unfortunate and urged the concerned authorities to take immediate action.
