ഡൽഹി: ടെലികോം കമ്പനികൾ തമ്മിലുള്ള നെറ്റ്വർക്ക് ബന്ധിപ്പിക്കലിനുള്ള ഐപി അധിഷ്ഠിത ഇന്റർകണക്ഷൻ പോർട്ട് നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്).
ഇതാദ്യമായാണ് ട്രായ് ഇത്തരത്തിൽ നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തുന്നത്. പുതിയ നിരക്കുകൾ 2027 ജനുവരി 1 മുതൽ നിലവിൽ വരും.
പുതിയ നിർദേശപ്രകാരം 1 ജിബിപിഎസ് ഐപി പോർട്ടിന് പ്രതിവർഷം പരമാവധി 5.6 ലക്ഷം രൂപ മാത്രമേ ഈടാക്കാനാകൂ. 10 ജിബിപിഎസ് പോർട്ടിന് പരമാവധി 42.3 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
പഴയ E1 സാങ്കേതികവിദ്യ ഒഴിവാക്കും
രണ്ട് ടെലികോം കമ്പനികളുടെ നെറ്റ്വർക്കുകൾക്കിടയിൽ ഡാറ്റയും കോളുകളും കൈമാറുന്ന വിനിമയ കേന്ദ്രത്തെയാണ് ‘പോർട്ട്’ എന്ന് വിളിക്കുന്നത്.
ഒരു നെറ്റ്വർക്കിലെ വരിക്കാരൻ മറ്റൊരു നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ കോൾ ഈ പോർട്ടിലൂടെയാണ് കടന്നുപോകുന്നത്. പോർട്ട് സൗകര്യം നൽകുന്ന കമ്പനിയാണ് ഇതിന് മറ്റേ കമ്പനിയിൽ നിന്ന് നിരക്ക് ഈടാക്കുന്നത്.
കോളുകളും വിവരങ്ങളും കൈമാറാൻ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പഴയ സാങ്കേതികവിദ്യ ഒഴിവാക്കി കൂടുതൽ വേഗതയേറിയ ഐപി അധിഷ്ഠിത സാങ്കേതികവിദ്യയിലേക്ക് പൂർണമായി മാറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ട്രായിയുടെ തീരുമാനം.
നിലവിൽ ടെലികോം കമ്പനികൾ സ്വന്തം നെറ്റ്വർക്കുകൾക്കുള്ളിൽ 4ജി, 5ജി കോളുകൾ ഐപി അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ മറ്റ് കമ്പനികളുടെ നെറ്റ്വർക്കുകളിലേക്ക് കോളുകൾ ബന്ധിപ്പിക്കാൻ പല ഓപ്പറേറ്റർമാരും ഇപ്പോഴും പഴയ E1 പോർട്ടുകളാണ് ഉപയോഗിക്കുന്നത്.
മൂന്ന് വർഷത്തിനുള്ളിൽ മാറ്റം
ഐപി, E1 എന്നീ രണ്ട് വ്യത്യസ്ത സാങ്കേതികവിദ്യകൾ ഒരേസമയം ഉപയോഗിക്കുന്നത് കോൾ കണക്ഷനിൽ താമസത്തിനും കോൾ ഗുണനിലവാരം കുറയുന്നതിനും പ്രവർത്തനച്ചെലവ് വർധിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ട്രായ് ചൂണ്ടിക്കാട്ടുന്നു.
ഇതിന് പരിഹാരമായാണ് ‘ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (മൂന്നാം ഭേദഗതി) റഗുലേഷൻസ്, 2026’ പ്രകാരം എല്ലാ പുതിയ കണക്ഷനുകളും നിർബന്ധമായും ഐപി അധിഷ്ഠിതമായിരിക്കണമെന്ന് ട്രായ് വ്യക്തമാക്കിയത്.
നിലവിലുള്ള E1 കണക്ഷനുകൾ മൂന്ന് വർഷത്തിനുള്ളിൽ പൂർണമായും ഐപി സാങ്കേതികവിദ്യയിലേക്ക് മാറ്റാനും നിർദേശമുണ്ട്.
2001ലെ ചട്ടങ്ങളിൽ മാറ്റം
ടെലികോം നെറ്റ്വർക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർകണക്ഷൻ പോർട്ട് നിരക്കുകൾ നിശ്ചയിക്കുന്ന ചട്ടങ്ങൾ 2001ലാണ് ആദ്യമായി രൂപീകരിച്ചത്. പിന്നീട് 2012ൽ ചട്ടങ്ങളിൽ പരിഷ്കരണം നടത്തി.
അന്ന് നിലവിലുണ്ടായിരുന്ന E1/TDM സർക്യൂട്ട് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് പോർട്ട് നിരക്കുകൾ നിശ്ചയിച്ചിരുന്നത്. പുതിയ ഐപി അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുന്നതോടെ ഈ രീതിയിലാണ് ഇപ്പോൾ മാറ്റം വരുന്നത്.
English Summary : TRAI has capped charges for IP-based interconnection ports used by telecom operators to connect their networks. The new limits will take effect from January 1, 2027, with annual charges capped at ₹5.6 lakh for a 1 Gbps port and ₹42.3 lakh for a 10 Gbps port.TRAI has also mandated IP-based technology for all new interconnection links and directed operators to migrate existing E1 connections to IP technology within three years.
