ക്യാമറാമാൻ ഷാജികുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരെത്തി.
മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജോണി ആന്റണി, ഇടവേള ബാബു, നരേൻ, ലാലു അലക്സ്, അനന്യ തുടങ്ങിയവർ പ്രിയ സുഹൃത്തിന് യാത്രാമൊഴിയേകാൻ നേരിട്ടെത്തി.
സിനിമാമേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും അന്ത്യോപചാരം അർപ്പിക്കാനെത്തി. സംവിധായകരായ സിബി മലയിൽ, ലാൽ ജോസ്, ബി. ഉണ്ണികൃഷ്ണൻ, അരുൺ ഗോപി, തരുൺ മൂർത്തി, മഹേഷ് നാരായണൻ, ജോജു ജോർജ്, മേജർ രവി എന്നിവരും അഭിനേതാക്കളായ സരയൂ, മാലാ പാർവതി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പെരുമ്പാവൂരിൽ അന്ത്യകർമങ്ങൾ
പെരുമ്പാവൂരിലെ വസതിയിലായിരുന്നു അന്ത്യകർമങ്ങൾ. രാവിലെ നടന്ന പൊതുദർശനത്തിലും തുടർന്ന് വീട്ടിൽ നടന്ന അന്ത്യകർമങ്ങളിലും സുരേഷ് ഗോപി കുടുംബാംഗത്തെപ്പോലെ ഷാജികുമാറിന്റെ മക്കൾക്കൊപ്പമുണ്ടായിരുന്നു.
പരേതരായ അനിരുദ്ധന്റെയും സരോജിനിയമ്മയുടെയും മകനാണ് ഷാജികുമാർ. പെരുമ്പാവൂർ നഗരസഭ മുൻ കൗൺസിലറായിരുന്ന ഭാര്യ സ്മിത 2014ൽ അന്തരിച്ചു.
മക്കൾ: ആര്യൻ, സൂര്യൻ. പെരുമ്പാവൂർ കടുവാൾ ശാസ്തമംഗലം റോഡിലെ സരോവരം വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു.
സെറ്റിൽ ദേഹാസ്വാസ്ഥ്യം
ദിലീപ് നായകനാകുന്ന ‘ഹെനോക്’ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. രണ്ട് ദിവസം മുൻപ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഏറ്റവും ഒടുവിൽ വീഡിയോ കോളിൽ വിളിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പ്രിയതാരത്തെ ഫോണിൽ വിളിച്ച് താൻ സുഖമായിരിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത വേർപാട്.
‘ഹെനോക്’ ആയിരുന്നു അവസാന ചിത്രം
ഷാജികുമാർ അവസാനമായി ക്യാമറ ചലിപ്പിച്ചത് മാടപ്പള്ളിയിലായിരുന്നു. ദിലീപ് നായകനാകുന്ന ‘ഹെനോക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് മാടപ്പള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ (ഏലംകുന്ന് പള്ളി) നടന്നത്.
ശനിയാഴ്ച രാവിലെ നാലുകോടിയിലെ സെന്റ് റീത്താസ് ആശുപത്രിയിലും വൈകിട്ട് മാടപ്പള്ളി ലിറ്റിൽ ഫ്ലവർ പള്ളിയിലുമായിരുന്നു ചിത്രീകരണം.ഈ മാസം രണ്ടിനും പള്ളിയിൽ ചിത്രീകരണം നടന്നിരുന്നു.
അന്ന് ദിലീപും ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുത്ത രംഗങ്ങളാണ് ചിത്രീകരിച്ചത്. ബാക്കി ഭാഗമായുള്ള ഒരു രംഗം ചിത്രീകരിക്കാനാണ് സംവിധായകൻ ഉല്ലാസ് കൃഷ്ണയും ഛായാഗ്രാഹകൻ ഷാജികുമാറും ഉൾപ്പെടുന്ന സംഘം വീണ്ടും എത്തിയത്.
പള്ളി സെമിത്തേരിയിലായിരുന്നു ചിത്രീകരണം. ചിത്രീകരണം പൂർത്തിയാക്കി ആലപ്പുഴയിൽ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഷാജികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചങ്ങനാശേരിയിലെ ലൊക്കേഷൻ മാനേജർ നിധീഷ് കോചേരി പറഞ്ഞു.
സ്വതന്ത്ര ഛായാഗ്രാഹകനായ തുടക്കം
2001ൽ അനിൽ ബാബു സംവിധാനം ചെയ്ത ജയറാം ചിത്രം ‘ഉത്തമൻ’ വഴിയാണ് ഷാജികുമാർ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായത്.
മലയാള സിനിമയിലെ സഹപ്രവർത്തകരുമായും താരങ്ങളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ വേർപാട് സിനിമാലോകത്ത് വലിയ നഷ്ടമായി.
English Summary : Malayalam cinematographer Shaji Kumar was accorded a final farewell by colleagues, friends and prominent members of the film industry. Mohanlal, Suresh Gopi, Dileep, Kunchacko Boban and several other actors and filmmakers paid their last respects at the public viewing in Kaloor. His last cinematography assignment was for Dileep-starrer ‘Henok’, and his final rites were held at his family residence in Perumbavoor.
