facebook

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു; സൗദിയിൽ ഹൂതി മിസൈൽ ആക്രമണം, യെമനിൽ 33 മരണം

2 Min Read

പശ്ചിമേഷ്യയിൽ യുദ്ധസാധ്യത വീണ്ടും ശക്തമാകുന്നതിനിടെ സൈനിക സന്നാഹങ്ങൾ വർധിപ്പിച്ച് അമേരിക്കയും ഇറാനും. ഇറാനിലേക്ക് കരമാർഗം ആയുധങ്ങളും അവശ്യവസ്തുക്കളും എത്തുന്നത് തടയാൻ 20 അംഗ പ്രത്യേക കർമസേനയെ നിയോഗിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.

ഇതിനിടെ ഹോർമൂസ് കടലിടുക്കിൽ മൂന്ന് എണ്ണ ടാങ്കറുകൾക്ക് കൂടി തീപിടിച്ചു. സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കുനേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതായും യെമൻ തലസ്ഥാനമായ സനായിൽ സഖ്യസേനയുടെ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഭീകരവാദ ഫണ്ടിങ് തടയുക, ഇറാന്റെ ആയുധ നിർമാണശാലകൾ പുനർനിർമിക്കുന്നത് തടയുക എന്നിവയാണ് അമേരിക്കയുടെ പ്രത്യേക കർമസേനയുടെ പ്രധാന ചുമതലകൾ.

എന്നാൽ ഉപരോധങ്ങളിലൂടെ രാജ്യത്തെ തളർത്താനുള്ള അമേരിക്കയുടെ നീക്കം വിജയിക്കില്ലെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് പ്രതികരിച്ചു.

വർഷങ്ങളോളം യുദ്ധം ചെയ്യാനുള്ള ആയുധശേഖരം

വർഷങ്ങളോളം യുദ്ധം ചെയ്യാനുള്ള ആയുധശേഖരം ഇറാന്റെ പക്കലുണ്ടെന്ന് ഇറാൻ വ്യോമസേനാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി. സംഘർഷം അതിരുവിട്ടാൽ പ്രത്യാഘാതം സർവനാശമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ വിരലുകൾ കാഞ്ചിക്ക് മുകളിലാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം, ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങളും സംഘർഷങ്ങളും തുടരുകയാണ്. ഇറാന്റെ വിലക്ക് ലംഘിച്ച മൂന്ന് എണ്ണ ടാങ്കറുകൾ നാവിക മൈനുകളിൽ തട്ടി തീപിടിച്ചതായാണ് റിപ്പോർട്ട്.

ഒമാൻ കടലിൽ കപ്പലിന് തീപിടിച്ചു; 22 പേരെ രക്ഷപ്പെടുത്തി

ഒമാൻ കടലിൽ തീപിടിച്ച ചരക്കുകപ്പലിൽനിന്ന് അറബ് പൗരന്മാരായ 22 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി കരയിലെത്തിച്ചു.

ഇതിനിടെ, ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് സെന്റ് കിറ്റ്സ് പതാകയുള്ള മറ്റൊരു ചരക്കുകപ്പലിനുനേരെ യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തി.കപ്പലിന്റെ തുടർയാത്രയും തടഞ്ഞു.

സൗദിയിൽ ഹൂതി മിസൈൽ ആക്രമണം; യെമനിൽ 33 മരണം

സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം ശക്തമാക്കി. അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനും കിങ് ഫഹദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ കെട്ടിടത്തിനും നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായി.

മിസൈൽ ഭാഗങ്ങൾ പതിച്ച് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ല.അതേസമയം, യെമൻ തലസ്ഥാനമായ സനായിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഹൂതികൾ അറിയിച്ചു.

English Summary : Military tensions between the United States and Iran are escalating, with Washington announcing a 20-member task force to prevent weapons and essential supplies from reaching Iran by land. Three oil tankers caught fire in the Strait of Hormuz, while 22 crew members were rescued from a burning cargo ship in the Gulf of Oman. Houthi missile strikes targeted key sites in Saudi Arabia, while the group reported 33 deaths in a Saudi-led coalition airstrike on Yemen’s capital, Sanaa.

Share This Article