സിംഗപ്പൂരിൽ 15കാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ 42കാരന് 21 ദിവസം തടവുശിക്ഷ. സലീം ഷമീം അഹമ്മദ് എന്നയാളെയാണ് സിംഗപ്പൂർ കോടതി ശിക്ഷിച്ചത്.
2024ൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ആഴ്ചയാണ് കോടതി വിധി വന്നത്. ഹോട്ടലിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന സലീമിന്റെ കീഴിൽ പാർട്ട് ടൈം ജീവനക്കാരിയായിരുന്നു പെൺകുട്ടി.
2024 ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ ഒന്നുവരെയായിരുന്നു പെൺകുട്ടിയുടെ ഷിഫ്റ്റ്. രണ്ട് മണിക്കൂർ കൂടി ജോലി ചെയ്യാമോ എന്നും അതിന് 50 സിംഗപ്പൂർ ഡോളർ നൽകാമെന്നും സലീം ചോദിച്ചു. പെൺകുട്ടി സമ്മതിക്കുകയും ചെയ്തു.
വീട്ടിലേക്ക് മടങ്ങിയ ശേഷവും വിളിച്ചു
ജോലി കഴിഞ്ഞപ്പോൾ സലീം പെൺകുട്ടിക്ക് വാഗ്ദാനം ചെയ്ത 50 ഡോളറിന് പകരം 80 ഡോളർ നൽകി. ടാക്സിക്കൂലിക്കായി 80 ഡോളർ അധികമായും നൽകി.
തുടർന്ന് സലീം പെൺകുട്ടിക്കായി ടാക്സി വിളിച്ചുനൽകി.പുലർച്ചെ നാലോടെയാണ് പെൺകുട്ടി വീട്ടിലെത്തിയത്. വീട്ടിലെത്തിയോ എന്ന് അന്വേഷിച്ച് സലീം പിന്നീട് പെൺകുട്ടിയെ ഫോണിൽ വിളിച്ചു.
അഞ്ച് മിനിറ്റ് വീഡിയോ കോളിൽ സംസാരിക്കാമോ എന്നും ചോദിച്ചു. ഉറങ്ങണമെന്ന് പെൺകുട്ടി പറഞ്ഞെങ്കിലും സലീം വീണ്ടും ആവശ്യപ്പെട്ടതോടെ വീഡിയോ കോളിന് സമ്മതിക്കുകയായിരുന്നു.
വീഡിയോ കോളിൽ മോശമായി പെരുമാറി
വീഡിയോ കോളിനിടെ താൻ വളരെ ഏകാന്തനാണെന്ന് സലീം പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിക്കുകയും പെൺകുട്ടിയെ അസ്വസ്ഥയാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു.
ഇത്തരം രീതിയിൽ സംസാരിക്കരുതെന്നും താൻ ഉറങ്ങാൻ പോകുകയാണെന്നും പെൺകുട്ടി പറഞ്ഞെങ്കിലും സലീം പെരുമാറ്റം തുടരുകയായിരുന്നു.
തുടർന്ന് സലീം വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. തനിക്കെതിരെ ഇത്തരത്തിൽ പെരുമാറരുതെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു.
എന്നാൽ തനിക്ക് പെൺകുട്ടിയെ ഒന്ന് കാണണമെന്നായിരുന്നു സലീമിന്റെ മറുപടി. അഞ്ച് മിനിറ്റ് കൂടി വീഡിയോ കോൾ തുടരാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി കോൾ അവസാനിപ്പിച്ചു.
18 വയസായ ശേഷം പരാതി
സംഭവം നടന്നതിന് ശേഷം പെൺകുട്ടി 18 വയസായപ്പോഴാണ് ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞത്. തുടർന്ന് സലീമിനെതിരെ പരാതി നൽകുകയായിരുന്നു.
കേസ് പരിഗണിക്കവെ സലീം പെൺകുട്ടിയോട് മാപ്പ് പറഞ്ഞിരുന്നു. കൂടാതെ ഇയാൾക്കെതിരെ മുമ്പ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നതും കോടതി പരിഗണിച്ചു. ഇതിന് പിന്നാലെയാണ് 21 ദിവസത്തെ തടവുശിക്ഷ വിധിച്ചത്.
English Summary : A 42-year-old man in Singapore has been sentenced to 21 days in prison for sexually abusing a 15-year-old part-time hotel employee through a video call in 2024. The victim reported the incident after turning 18. The court considered his apology and the absence of previous offences while deciding the sentence.
