facebook

ദീപാവലി ആഘോഷത്തിനിടെ വംശീയ അധിക്ഷേപം; സിയാറ്റിലിൽ സംഘർഷാവസ്ഥ

2 Min Read
ദീപാവലി ആഘോഷങ്ങൾക്ക് ഇടയിൽ സിയാറ്റലിൽ നടന്ന വംശീയ അധിക്ഷേപം

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപമുണ്ടായതായി റിപ്പോർട്ട്. സിയാറ്റിൽ സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് അമേരിക്കൻ തീവ്രവലതുപക്ഷ പ്രവർത്തകനായ ജെയ്ക് ലാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി എത്തിയത്.

ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള അധിക്ഷേപകരമായ പരാമർശങ്ങളടങ്ങിയ പ്ലക്കാർഡുകളും സംഘം പ്രദർശിപ്പിച്ചു.ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ നിരവധി ഇന്ത്യക്കാർ എത്തിയിരുന്നു.

ഇവർക്കിടയിലേക്കാണ് ജെയ്ക് ലാങ്ങും കൂട്ടാളികളും എത്തിയത്. ‘ഡിപോർട്ട് ഓൾ ഡോട്ട് ഹെഡ്സ്’ (Deport All Dot Heads) ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമായാണ് സംഘം എത്തിയത്.

സിയാറ്റിൽ ദീപാവലി ആഘോഷം തടസ്സപ്പെട്ടു

പ്രതിഷേധക്കാരും ആഘോഷത്തിനെത്തിയവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ വേദിയിൽനിന്ന് പുറത്താക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ യുഎസ് നിയമനിർമാണ സഭയിലെ പ്രതിനിധികളും ഇന്ത്യൻ-അമേരിക്കൻ സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി.

ഇത്തരം വെറുപ്പും വർഗീയതയും നിറഞ്ഞ പ്രകടനങ്ങൾക്ക് നഗരത്തിലോ രാജ്യത്തോ സ്ഥാനമില്ലെന്ന് ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് വുമൺ പ്രമീള ജയപാൽ എക്സിൽ കുറിച്ചു.

ദീപാവലി പോലുള്ള പ്രധാന ആഘോഷങ്ങളിൽ ആളുകൾക്ക് ഭയമില്ലാതെ പങ്കെടുക്കാൻ കഴിയണമെന്നും പ്രമീള ജയപാൽ പറഞ്ഞു. നോർത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ കോഹ്‌നയും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി.

വരാനിരിക്കുന്ന ആഘോഷവേളകളിൽ ജാഗ്രത പാലിക്കണമെന്ന് സംഘടന ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു.

ജെയ്ക് ലാങ്ങിനെതിരെ മുൻപും കേസുകൾ

2021ലെ യുഎസ് കാപിറ്റോൾ കലാപത്തിലൂടെയാണ് തീവ്രവലതുപക്ഷ പ്രവർത്തകനായ ജെയ്ക് ലാങ് ശ്രദ്ധിക്കപ്പെട്ടത്. അന്ന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ജെയ്ക് ലാങ്ങിന് മാപ്പ് ലഭിച്ചു.കഴിഞ്ഞ മാർച്ചിൽ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്തും ജെയ്ക് ലാങ് പ്രതിഷേധവുമായി എത്തിയിരുന്നു.

English Summary : A Diwali celebration at Seattle Center was disrupted by a group led by far-right activist Jake Lang, who reportedly displayed racist and derogatory signs targeting Indians. The incident drew condemnation from US lawmakers and Indian-American organizations, including Congresswoman Pramila Jayapal. The Coalition of Hindus of North America also expressed concern and urged the Indian community to remain vigilant during upcoming celebrations.

Share This Article