കോട്ടയം: സംസ്ഥാനത്ത് അരി, പലവ്യഞ്ജനം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിന് തിരിച്ചടിയാകുന്നു.
ഒരു മാസത്തിനിടെ പൊന്നി അരിയുടെ മൊത്തവില കിലോയ്ക്ക് 10 രൂപ വർധിച്ച് 53 രൂപയായി.
ചില്ലറ വിപണിയിൽ എട്ട് മുതൽ 10 രൂപ വരെ അധികം നൽകേണ്ടിവരുന്നു. കടല, ഉഴുന്ന്, വൻപയർ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കൂടുകയാണ്.
പശ്ചിമേഷ്യൻ സംഘർഷം വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കു പുറമേയാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും ജനങ്ങളെ ബാധിക്കുന്നത്.
ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് അരി, മുളക് തുടങ്ങിയവയുടെ വില ഉയരാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ചില പ്രദേശങ്ങളിൽ മഴ കൃഷിനാശത്തിന് ഇടയാക്കിയപ്പോൾ മറ്റു ചിലയിടങ്ങളിൽ മഴയുടെ കുറവും ഉൽപ്പാദനത്തെ ബാധിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വിലവർധന: അരിവില കുതിക്കുന്നു
അരിവിലയിലെ വർധനയാണ് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ കുത്തരി, ചാക്കരി എന്നിവയുടെ മൊത്തവില കിലോയ്ക്ക് നാലു രൂപ വരെ കൂടി.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മട്ട അരിയുടെ ചില്ലറവില കിലോയ്ക്ക് 50 രൂപയിൽനിന്ന് 65 രൂപയായി ഉയർന്നു.
സുലേഖ അരിക്ക് 45 രൂപയിൽനിന്ന് 55 രൂപയായും ജയ അരിക്ക് 45 രൂപയിൽനിന്ന് 54 രൂപയായും വില വർധിച്ചു.
അരിവില കൂടിയതോടെ ഹോട്ടലുകളിലും ഭക്ഷണവില വർധിപ്പിക്കേണ്ടിവരുമെന്ന സൂചനയുണ്ട്.
ഉഴുന്നിനും മുളകിനും മഞ്ഞളിനും വിലക്കയറ്റം
ദീപാവലി കാലമായതോടെ ഉഴുന്നിന്റെ വിലയും ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി 12 രൂപ വർധിച്ച് മൊത്തവില കിലോയ്ക്ക് 138 രൂപയായി. ചില്ലറ വിപണിയിൽ പലയിടത്തും ഉഴുന്നിന്റെ വില 150 രൂപ കടന്നു.
മുളകിന്റെ വില കിലോയ്ക്ക് 230 രൂപയിൽനിന്ന് 360 രൂപയായും മഞ്ഞളിന്റെ വില 180 രൂപയിൽനിന്ന് 300 രൂപയായും ഉയർന്നു. കടലയ്ക്കും കിലോയ്ക്ക് 10 രൂപ വരെ വർധിച്ച് 95 രൂപയായി.
വൻപയറിനും പഞ്ചസാരയ്ക്കും വില കൂടി
വൻപയറിന്റെ വില കിലോയ്ക്ക് 120 രൂപയിലെത്തി. പഞ്ചസാരയ്ക്കും വീണ്ടും വില വർധിക്കുകയാണ്. ഓണക്കാലത്ത് 70 രൂപയായിരുന്ന പഞ്ചസാര വില കഴിഞ്ഞ മാസം 50 രൂപയിലെത്തിയിരുന്നു. എന്നാൽ വീണ്ടും ഉയർന്ന് മൊത്തവിപണിയിൽ കിലോയ്ക്ക് 54 രൂപയായി.
തുവരപ്പരിപ്പിന്റെ വില കിലോയ്ക്ക് 170 രൂപയാണെങ്കിൽ സാധാരണ പരിപ്പിന് 70 രൂപയാണ് വിലയെന്നും വിപണിയിലെ കണക്കുകൾ വ്യക്തമാക്കുന്നു.
ഗോതമ്പ് പൊടിക്കും റവയ്ക്കും വില വർധിക്കും
ഗോതമ്പ് പൊടിയുടെ നിലവിലെ മൊത്തവില കിലോയ്ക്ക് 38 രൂപയാണ്. പുതിയ സ്റ്റോക്ക് വിപണിയിലെത്തുമ്പോൾ വിലയിൽ രണ്ടു രൂപ വരെ വർധനയുണ്ടാകുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
റവയുടെ വില നിലവിൽ കിലോയ്ക്ക് 47 രൂപയാണ്. അരി മുതൽ പലവ്യഞ്ജനങ്ങൾ വരെയുള്ള സാധനങ്ങൾക്ക് തുടർച്ചയായി വില ഉയരുന്നത് കുടുംബങ്ങളുടെ പ്രതിമാസ ചെലവിലും കാര്യമായ വർധനയുണ്ടാക്കും.
English Summary:
Prices of essential commodities in Kerala are rising, putting pressure on household budgets. Wholesale prices of Ponni rice have increased by ₹10 to ₹53 per kg in a month, while retail prices of several rice varieties have also climbed. Urad dal, chilli, turmeric, chickpeas, cowpeas and sugar have become more expensive. Traders attribute the increases partly to weather-related disruptions affecting crops in Andhra Pradesh, Karnataka and Tamil Nadu. Wheat flour and semolina prices may also rise.
