ന്യൂഡൽഹി: 22 വർഷത്തോളം പ്രപഞ്ചത്തിലെ വിസ്മയങ്ങൾ നിരീക്ഷിച്ച നാസയുടെ നീൽ ഗെഹ്റൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററി ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയേക്കും. ഏകദേശം 1.5 ടൺ ഭാരമുള്ള ബഹിരാകാശ ദൂരദർശിനിയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ട്. കേരളമടക്കം ഇന്ത്യയുടെ ചില ഭാഗങ്ങൾ സാധ്യതാ മേഖലയിലുണ്ടെങ്കിലും കൃത്യമായ പതനസ്ഥലം ഇതുവരെ പ്രവചിക്കാനായിട്ടില്ല.
ഉച്ചയ്ക്ക് രണ്ടോടെ അന്തരീക്ഷത്തിൽ പ്രവേശിച്ചേക്കും
നാസയുടെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച് ഇന്ത്യൻ സമയം നവംബർ നാലിന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സ്വിഫ്റ്റ് അന്തരീക്ഷത്തിൽ പ്രവേശിക്കാനിടയുള്ളത്. എന്നാൽ ഈ സമയത്തിൽ ഏകദേശം 11 മണിക്കൂർ വരെ വ്യത്യാസമുണ്ടാകാം. അതിനാൽ കൃത്യമായ സമയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഭൂമിയുടെ ചില മേഖലകൾ അവശിഷ്ടങ്ങൾ പതിക്കാവുന്ന പരിധിയിലുണ്ട്. എന്നാൽ ഇതുകൊണ്ട് പ്രത്യേക നഗരങ്ങളിൽ തന്നെ അവശിഷ്ടങ്ങൾ പതിക്കുമെന്ന് അർഥമില്ല. അന്തരീക്ഷ പ്രവേശനത്തിന്റെ കൃത്യമായ സമയവും പേടകത്തിന്റെ സഞ്ചാരപാതയും അനുസരിച്ചായിരിക്കും സ്ഥലം നിർണയിക്കപ്പെടുക.
കേരളവും സാധ്യതാ മേഖലയയിൽ
നാസയുടെ കണക്കനുസരിച്ച് സ്വിഫ്റ്റിന്റെ ഭ്രമണപഥം ഭൂമധ്യരേഖയിൽ നിന്ന് വടക്കോട്ടും തെക്കോട്ടും 20.6 ഡിഗ്രി പരിധിക്കുള്ളിലാണ്. അതിനാൽ ഇന്ത്യയുടെ തെക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന വിശാലമായ മേഖലയിലൂടെ പേടകം കടന്നുപോകാൻ സാധ്യതയുണ്ട്.
മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങൾ ഈ ഭ്രമണപഥ പരിധിക്കുള്ളിലാണ്. എന്നാൽ ഇവിടങ്ങളിൽ ഏതെങ്കിലും സ്ഥലത്ത് അവശിഷ്ടങ്ങൾ പതിക്കുമെന്ന് സ്ഥിരീകരണമില്ല. പേടകത്തിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിൽ പതിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.
പേടകത്തിന്റെ ഭൂരിഭാഗവും കത്തിത്തീരും
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുമ്പോൾ പേടകത്തിന്റെ ഭൂരിഭാഗവും ഘർഷണത്തെ തുടർന്നുണ്ടാകുന്ന താപത്തിൽ കത്തിത്തീരുമെന്നാണ് നാസയുടെ പ്രതീക്ഷ. എന്നാൽ ടങ്സ്റ്റൺ പോലുള്ള സാന്ദ്രമായ വസ്തുക്കളാൽ നിർമിച്ച ചില ഘടകങ്ങളും കണ്ണാടിയുടെ ഭാഗങ്ങളും ഭൂമിയിലെത്താൻ സാധ്യതയുണ്ട്.
ഭൂമിയുടെ ഉപരിതലത്തിന്റെ ഭൂരിഭാഗവും സമുദ്രമായതിനാൽ അവശിഷ്ടങ്ങൾ കടലിൽ പതിക്കാനാണ് സാധ്യത കൂടുതൽ. മനുഷ്യർക്ക് പരിക്കേൽക്കാനുള്ള സാധ്യത ഏകദേശം 2,100ൽ ഒന്നാണെന്നാണ് നാസ വ്യക്തമാക്കിയിട്ടുള്ളത്.
രക്ഷാദൗത്യം പരാജയപ്പെട്ടതോടെ ഭ്രമണപഥം താഴ്ന്നു
വർധിച്ച സൗരപ്രവർത്തനത്തെ തുടർന്നുണ്ടായ അന്തരീക്ഷവലിച്ചിഴയ്ക്കൽ സ്വിഫ്റ്റിന്റെ ഭ്രമണപഥം താഴ്ത്തി. പേടകത്തെ പിടിച്ചെടുത്ത് ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റാനുള്ള ദൗത്യം നാസ സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ് സ്പേസിനെ ഏൽപ്പിച്ചിരുന്നു.
ഇതിനായി LINK എന്ന റോബോട്ടിക് പേടകം വിക്ഷേപിച്ചെങ്കിലും നിയന്ത്രണ സംവിധാനങ്ങളിലുണ്ടായ തകരാറുകൾ കാരണം സ്വിഫ്റ്റിനെ സമീപിച്ച് പിടിച്ചെടുക്കാൻ അതിന് കഴിഞ്ഞില്ല. ഏകദേശം മൂന്ന് കോടി ഡോളർ ചെലവ് പ്രതീക്ഷിച്ചിരുന്ന രക്ഷാദൗത്യം ഓഗസ്റ്റിൽ ഉപേക്ഷിച്ചു.
2004ൽ വിക്ഷേപിച്ച ദൗത്യം; ഒക്ടോബർ 20ന് പ്രവർത്തനം അവസാനിച്ചു
പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ പൊട്ടിത്തെറികളിലൊന്നായ ഗാമാ കിരണ വിസ്ഫോടനങ്ങളെക്കുറിച്ച് പഠിക്കാനാണ് 2004ൽ സ്വിഫ്റ്റ് വിക്ഷേപിച്ചത്. രണ്ട് വർഷത്തെ പ്രാഥമിക ദൗത്യകാലയളവാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും 22 വർഷത്തോളം പേടകം പ്രവർത്തിച്ചു.
മൂന്ന് ദൂരദർശിനികളുടെ സഹായത്തോടെ ഗാമാ കിരണ വിസ്ഫോടനങ്ങൾ ഉൾപ്പെടെ വിവിധ ബഹിരാകാശ പ്രതിഭാസങ്ങളെ നിരീക്ഷിച്ച സ്വിഫ്റ്റ് ഒക്ടോബർ 20ന് പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ശാസ്ത്രദൗത്യത്തിനാണ് അന്ത്യമാകുന്നത്.
English Summary:
NASA’s 1.5-tonne Neil Gehrels Swift Observatory is expected to re-enter Earth’s atmosphere on November 4, 2026, after nearly 22 years in orbit. Its possible re-entry zone includes parts of India, including southern states, but the exact location remains uncertain. Most of the spacecraft is expected to burn up, although some components may survive. NASA estimates the risk of harm to anyone on Earth at approximately 1 in 2,100.
