വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് നിർണായകമാകുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ഇന്ന് അമേരിക്കൻ ജനത വിധിയെഴുതും. പ്രസിഡന്റിന്റെ നാലുവർഷ കാലാവധിയുടെ പകുതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജനപ്രതിനിധിസഭയിലേക്കും സെനറ്റിലേക്കുമുള്ള അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഇരുസഭകളിലും നിലവിലുള്ള ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുമ്പോൾ, ട്രംപ് ഭരണത്തിനെതിരായ ജനവികാരം മുതലെടുത്ത് കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ.
അമേരിക്കയുടെ നിയമനിർമാണത്തിലും പ്രധാന നയതീരുമാനങ്ങളിലും നിർണായക സ്വാധീനമുള്ള കോൺഗ്രസിന്റെ നിയന്ത്രണം ആർക്കെന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. ട്രംപിന്റെ ശേഷിക്കുന്ന രണ്ടുവർഷത്തെ ഭരണകാലത്ത് നയങ്ങൾ നടപ്പാക്കുന്നതിനും നിയമനിർമാണത്തിനും ഈ ജനവിധി നിർണായകമാകും.
ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും മത്സരം
അമേരിക്കൻ കോൺഗ്രസിന്റെ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും ഇത്തവണ തിരഞ്ഞെടുപ്പ് നടക്കും. സഭാംഗങ്ങളുടെ കാലാവധി രണ്ടുവർഷമാണ്. അതിനാൽ ഓരോ ഇടക്കാല തിരഞ്ഞെടുപ്പിലും മുഴുവൻ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നു.
ആറുവർഷമാണ് സെനറ്റ് അംഗങ്ങളുടെ കാലാവധി. ഓരോ രണ്ടുവർഷം കൂടുമ്പോഴും മൂന്നിലൊന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ 35 സെനറ്റ് സീറ്റുകളിലാണ് മത്സരം.
കോൺഗ്രസ് തിരഞ്ഞെടുപ്പിനൊപ്പം 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനങ്ങളിലേക്കും വിവിധ നഗരങ്ങളിൽ മേയർ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയും സിറ്റി കൗൺസിൽ അംഗവുമായ നിത്യ രാമനും മത്സരരംഗത്തുണ്ട്. നിലവിലെ മേയർ കാരൻ ബാസാണ് എതിരാളി. മേയർ തിരഞ്ഞെടുപ്പ് പാർട്ടി അടിസ്ഥാനത്തിലല്ല നടക്കുന്നത്.
വിലക്കയറ്റവും ജീവിതച്ചെലവും ട്രംപിന് വെല്ലുവിളി
ജീവിതച്ചെലവിലെ വർധനയും സാമ്പത്തിക നയങ്ങളുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. അധികാരമേറ്റ സമയത്തേക്കാൾ ട്രംപിന്റെ ജനപ്രീതി കുറഞ്ഞതായാണ് വിവിധ സർവേകൾ സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിലും ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് ഡെമോക്രാറ്റുകളുടെ പ്രധാന വിമർശനം.
ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിലൂടെ സാധനങ്ങളുടെ വില വർധിച്ചെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു. ഇന്ധനവിലയിലെ മാറ്റങ്ങളും കുടുംബങ്ങളുടെ ജീവിതച്ചെലവും വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാം.
കോൺഗ്രസിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ട്രംപിന് വെല്ലുവിളി
കോൺഗ്രസിന്റെ ഏതെങ്കിലും സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ട്രംപ് ഭരണകൂടത്തിന് നിയമനിർമാണത്തിലും നയപരമായ തീരുമാനങ്ങളിലും കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടിവരും. പ്രധാന ബില്ലുകൾ പാസാക്കുന്നതിനും ഭരണപരമായ നിർദേശങ്ങൾ നടപ്പാക്കുന്നതിനും ഡെമോക്രാറ്റുകളുടെ പിന്തുണയോ ധാരണയോ തേടേണ്ട സാഹചര്യമുണ്ടാകാം.
അതേസമയം, ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നിലനിർത്താനായാൽ ട്രംപിന്റെ നയപരിപാടികൾ മുന്നോട്ടുകൊണ്ടുപോകുന്നത് താരതമ്യേന എളുപ്പമാകും.
ഇന്ത്യൻ വംശജർക്കും ശ്രദ്ധേയമായ പോരാട്ടം
അമേരിക്കയിലെ വിവിധ പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ഇന്ത്യൻ വംശജർ മത്സരിക്കുന്നുണ്ട്. ഫോസൈത് കൗണ്ടി കമ്മിഷണർ സ്ഥാനത്തേക്ക് ശുചിത പട്ടേൽ ജനവിധി തേടുന്നു. അമേരിക്കയിലെ വംശീയ സംഘർഷങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശമാണ് ഫോസൈത് കൗണ്ടി. ഈ മേഖലയിൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ശുചിത പട്ടേലെന്നാണ് റിപ്പോർട്ടുകൾ.
ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്കുള്ള നിത്യ രാമന്റെ മത്സരം ഉൾപ്പെടെ ഇന്ത്യൻ വംശജരുടെ സ്ഥാനാർഥിത്വങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശ്രദ്ധ നേടുന്നു.
അമേരിക്കൻ കോൺഗ്രസിലെ നിലവിലെ കക്ഷിനില
തിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില പ്രകാരം ജനപ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 218 സീറ്റുകളും ഡെമോക്രാറ്റുകൾക്ക് 214 സീറ്റുകളുമാണുള്ളത്. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഒരു സ്വതന്ത്ര അംഗം റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പമാണ്.
സെനറ്റിലെ 100 അംഗങ്ങളിൽ 53 പേർ റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്. ഡെമോക്രാറ്റുകൾക്ക് 45 അംഗങ്ങളുണ്ട്. രണ്ട് സ്വതന്ത്ര അംഗങ്ങളും ഡെമോക്രാറ്റിക് പക്ഷത്തോടൊപ്പമാണ് നിലകൊള്ളുന്നത്. സെനറ്റിൽ കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകളാണ് വേണ്ടത്.
ഇരുസഭകളിലെയും നിലവിലെ മേൽക്കൈ നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിയുമോ, അതോ ഡെമോക്രാറ്റുകൾക്ക് അധികാരം തിരിച്ചുപിടിക്കാനാകുമോ എന്നറിയാൻ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് അമേരിക്ക.
English Summary:
Americans are voting in the 2026 midterm elections, which could reshape the balance of power in Congress and influence the remainder of President Donald Trump’s term. All 435 seats in the House of Representatives and 35 Senate seats are being contested. Republicans currently hold narrow majorities in both chambers, while Democrats are seeking to regain control. Cost of living, inflation and economic policies are among the key campaign issues. Indian-origin candidates, including Nithya Raman in the Los Angeles mayoral race, are also drawing attention. The results will determine the legislative challenges facing the Trump administration over the next two years.
