facebook

തിരുവനന്തപുരത്ത് 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

2 Min Read

തിരുവനന്തപുരം: കാര്യവട്ടം പാങ്ങപ്പാറ സ്വദേശിയായ അഭിറാം (17) എന്ന കൗമാരക്കാരന്റെ മൃതദേഹം വഴിയരികിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസം കാണാതായ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തിൽ കൊലപാതകമെന്ന സംശയം ശക്തമായി. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂട്ടുകാരൻ വിളിച്ചെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെ കൂട്ടുകാരൻ വിളിക്കുന്നുവെന്ന് പറഞ്ഞാണ് അഭിറാം വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് പിതാവ് പൊലീസിന് മൊഴി നൽകി.

രാത്രി കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ വീട്ടിലെത്തുമെന്ന് അഭിറാം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.

രാത്രി ഏറെ വൈകിയിട്ടും മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇൻസ്റ്റഗ്രാം സന്ദേശത്തിൽ ദുരൂഹത

പെൺകുട്ടിയുടെ ശബ്ദത്തിലുള്ള ഇൻസ്റ്റഗ്രാം സന്ദേശം ലഭിച്ചതിനെ തുടർന്നാണ് അഭിറാം പാങ്ങപ്പാറയിലേക്ക് പോയതെന്നാണ് പ്രാഥമിക വിവരം.

സന്ദേശം വ്യാജ അക്കൗണ്ടിൽനിന്നാണോ എത്തിയതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

അഭിറാമിന് സന്ദേശം അയച്ച അക്കൗണ്ടിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

സുഹൃത്തുക്കൾ കസ്റ്റഡിയിൽ

കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത ശ്രീകാര്യം പൊലീസ് അഭിറാമിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

ഇവരെ ചോദ്യം ചെയ്തെങ്കിലും കേസിൽ നിർണായകമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

കരിമഠം സ്വദേശികളായ ചിലർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകമാണെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

English Summary : The body of 17-year-old Abhiram, a native of Pangappara in Karyavattom, Thiruvananthapuram, was found stuffed inside a sack by the roadside. He had gone missing after leaving home on Sunday afternoon. Police suspect murder and have taken two of his friends into custody. Investigators are examining a suspicious Instagram message and CCTV footage to identify those involved.

Share This Article