വീണ്ടും വിവാഹിതയാകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ചതിന് പിന്നാലെ വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഗായിക റിമി ടോമി. നവംബറിൽ ബോംബെയിൽ വെച്ചായിരിക്കും വിവാഹമെന്നും വരന്റെ പേര് ലിബിൻ മാത്യു എന്നാണെന്നും താരം പുതിയ വീഡിയോയിലൂടെ ആരാധകരെ അറിയിച്ചു.
മലയാളിയായ ലിബിൻ ബോഡി ബിൽഡറും ട്രെയ്നറുമാണ്. റിമിയുടെ ഇപ്പോഴത്തെ ഫിറ്റ്നസ് കോച്ച് കൂടിയാണ് അദ്ദേഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹമെന്നും റിമി വ്യക്തമാക്കി.
മാർച്ച് 10ന് ഫോൺവിളി; മാർച്ച് 14ന് ആദ്യ കൂടിക്കാഴ്ച
ലിബിനുമായുള്ള പരിചയത്തെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും റിമി വീഡിയോയിൽ വിശദീകരിച്ചു.
“മാർച്ച് 10നാണ് ഞങ്ങൾ ആദ്യം ഫോണിൽ സംസാരിക്കുന്നത്. മാർച്ച് 14ന് എടുത്ത ഒരു ഫോട്ടോ ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. അതിന് മുൻപേ തന്നെ ഫോണിൽ സംസാരിച്ച് ഇഷ്ടമായി. കല്യാണം എന്ന തീരുമാനത്തിലേക്ക് അപ്പോൾ തന്നെ എത്തി എന്നതാണ് സത്യം,” റിമി പറഞ്ഞു.
ചിലരെ കാണുമ്പോൾ പെട്ടെന്ന് ഒരു ബന്ധം തോന്നാറില്ലേയെന്നും അത്തരത്തിലൊരു അടുപ്പമാണ് തങ്ങൾക്കിടയിൽ ഉണ്ടായതെന്നും താരം വ്യക്തമാക്കി.
ഡോംബിവല്ലിയിലെ പള്ളിയിൽ ലളിതമായ ചടങ്ങ്
ബോംബെയിലെ ഡോംബിവല്ലി എന്ന സ്ഥലത്തെ ചെറിയൊരു പള്ളിയിൽ വെച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. ലളിതമായ ചടങ്ങുകൾ മാത്രമാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും സിനിമാ-സംഗീത മേഖലയിലുള്ളവരെ പോലും വലിയ തോതിൽ ക്ഷണിക്കുന്നില്ലെന്നും റിമി പറഞ്ഞു.
“ബോംബെയിൽ വെച്ചാണ് വിവാഹം. ഡോംബിവല്ലി എന്ന സ്ഥലത്ത് ചെറിയൊരു പള്ളിയിൽ വെച്ചായിരിക്കും ചടങ്ങുകൾ. ലളിതമായ ചടങ്ങുകൾ മാത്രമേയുള്ളൂ. ഇൻഡസ്ട്രിയിൽ നിന്നു പോലും അങ്ങനെ ആരെയും വിളിക്കുന്നില്ല,” റിമി വ്യക്തമാക്കി.
മുൻ ഭർത്താവിനെക്കുറിച്ചുള്ള ചർച്ചകൾ വേണ്ടെന്ന് റിമി
രണ്ടാം വിവാഹവാർത്തയ്ക്കൊപ്പം മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിനെതിരെയും റിമി പ്രതികരിച്ചു. മുൻ ഭർത്താവിനെയും തന്നെയും വെറുതെ വിടണമെന്നാണ് താരത്തിന്റെ അഭ്യർഥന.
വിവാഹമോചനം ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നുവെന്നും അദ്ദേഹത്തിന് തനിക്കു ലഭിച്ചതിനേക്കാൾ നല്ലൊരു ജീവിതപങ്കാളിയെ ലഭിച്ചിട്ടുണ്ടെന്നും റിമി പറഞ്ഞു. ഇരുവരും സന്തോഷത്തോടെ കഴിയുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ വിവാഹവാർത്തയുമായി മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ചേർത്ത് അനാവശ്യ ചർച്ചകൾ സൃഷ്ടിക്കേണ്ടതില്ലെന്നും താരം കൂട്ടിച്ചേർത്തു.
English Summary: Singer Rimi Tomy has revealed that she plans to marry Libin Mathew in November in Dombivli, Mumbai. Libin is a Malayali bodybuilder and fitness trainer who is also Rimi’s current coach. The singer said the wedding will be a simple ceremony attended by close relatives and requested people not to involve her former husband in discussions about her marriage.
