ഗുജറാത്ത്: സ്റ്റാച്ചു ഓഫ് യൂണിറ്റിക്ക് സമീപം പുതുതായി ഒരുക്കിയ കൃത്രിമ മഴക്കാടും വാമന വൃക്ഷവാടിയും സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഏക്താ നഗറിൽ സംഘടിപ്പിച്ച രാഷ്ട്രീയ ഏക്താ ദിവസ് ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. സ്റ്റാച്ചു ഓഫ് യൂണിറ്റിയിലെത്തി പട്ടേലിന് പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്.
ഏക്താ നഗറിൽ 426.71 കോടി രൂപയുടെ 31 വികസന, വിനോദസഞ്ചാര പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിച്ചു. സ്റ്റാച്ചു ഓഫ് യൂണിറ്റിക്ക് സമീപം ഒരുക്കിയ കൃത്രിമ മഴക്കാടാണ് പുതിയ ആകർഷണങ്ങളിൽ ശ്രദ്ധേയമാകുന്നത്.
12 ഏക്കറിൽ വർഷം മുഴുവൻ കൃത്രിമ മഴ
12 ഏക്കർ വിസ്തൃതിയിലാണ് കൃത്രിമ മഴക്കാട് ഒരുക്കിയിരിക്കുന്നത്. വർഷം മുഴുവൻ മഴയുടെ അനുഭവം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൃക്ഷങ്ങൾ, 20 റെയിൻ ഗൺ ടവറുകൾ, വെള്ളച്ചാട്ടങ്ങൾ, ബബിൾ ഫൗണ്ടനുകൾ, പച്ചപ്പുനിറഞ്ഞ ഭൂപ്രകൃതി എന്നിവ മഴക്കാടിന്റെ പ്രത്യേകതകളാണ്.
കാടിന്റെ മുകളിലൂടെ നടന്ന് പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്ന സർക്കുലർ ഗ്ലാസ് സ്കൈ വാക്കാണ് മറ്റൊരു പ്രധാന ആകർഷണം. 35 മില്ലിമീറ്റർ കനമുള്ള 132 ഗ്ലാസ് പാനലുകൾ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. സന്ദർശകർക്ക് മഴക്കാടിന്റെ കാഴ്ചകൾ ഉയരത്തിൽനിന്ന് ആസ്വദിക്കാനും ഇതിലൂടെ സാധിക്കും.
ജൈവവൈവിധ്യത്തെക്കുറിച്ച് അറിയാനും അവസരം
വിനോദസഞ്ചാരത്തിനൊപ്പം പ്രകൃതിയെക്കുറിച്ചുള്ള അറിവ് പകരുന്നതിനും മഴക്കാടിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യം, വനങ്ങളിലെ ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സന്ദർശകർക്ക് ഇവിടെ ലഭ്യമാകും.
ഗുജറാത്ത് സർക്കാർ 14.30 കോടി രൂപ ചെലവിട്ടാണ് കൃത്രിമ മഴക്കാട് പദ്ധതി പൂർത്തിയാക്കിയത്. ഏക്താ നഗറിലെ മറ്റൊരു പ്രകൃതിദത്ത ആകർഷണമായ വാമന വൃക്ഷവാടിയും പ്രധാനമന്ത്രി സന്ദർശിച്ചു.
307.83 കോടിയുടെ 23 പദ്ധതികൾ ഉദ്ഘാടനം ചെയ്തു
ഏക്താ നഗറിൽ 307.83 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 23 പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 118.88 കോടി രൂപയുടെ എട്ട് പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു.
50 കോടി രൂപ ചെലവിൽ നിർമിച്ച ഐആർസിടിസി ഹോട്ടൽ, 16 കോടി രൂപയുടെ ഏക്താ ക്രൂസ്, 3.67 കോടി രൂപയുടെ ഇക്കോ ട്രെയിൽ എന്നിവയാണ് ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികൾ.
ഗോര–ഭാന്ദ്ര റോഡ്, സീറോ വേസ്റ്റ് ഇന്റഗ്രേറ്റഡ് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി, ഖൽവാണി ഇക്കോ ടൂറിസം പദ്ധതി, കാക്ടസ് ആൻഡ് ബട്ടർഫ്ലൈ ഗാർഡൻ എന്നിവയ്ക്കാണ് തറക്കല്ലിട്ടത്.
‘നക്സൽ മുക്ത് ഭാരത്’ നാടകവും സാംസ്കാരിക പരിപാടികളും
രാഷ്ട്രീയ ഏക്താ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ‘നക്സൽ മുക്ത് ഭാരത്’ എന്ന നാടകവും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.
ഇടതുതീവ്രവാദ സംഘടനകൾക്ക് സ്വാധീനമുണ്ടായിരുന്ന 126 ജില്ലകളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാർ പരിപാടികളിൽ പങ്കെടുത്തു. സ്റ്റാച്ചു ഓഫ് യൂണിറ്റി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ കാഴ്ചകളും അനുഭവങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഏക്താ നഗറിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നത്.
English Summary: Prime Minister Narendra Modi visited the newly developed artificial rainforest and Vaman Vriksh Vatika in Ekta Nagar, Gujarat, during Rashtriya Ekta Diwas celebrations. The 12-acre rainforest features artificial rainfall, waterfalls, 20 rain-gun towers and a circular glass skywalk. He also inaugurated and laid the foundation stones for tourism and development projects worth Rs 426.71 crore.
