റിയാദ്: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ കെനിയയിലേക്കുള്ള പൗരന്മാരുടെ യാത്ര സൗദി അറേബ്യ വിലക്കി. കെനിയയിൽനിന്ന് എത്തുന്നവർക്ക് എല്ലാത്തരം വിസകളും അനുവദിക്കുന്നത് നിർത്തുകയും രാജ്യത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. സൗദി ആരോഗ്യ അധികൃതരുടെ രോഗവ്യാപന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുൻകരുതൽ നടപടികൾ.
മൂന്നാമതൊരു രാജ്യം വഴി എത്തുന്നവർക്കും നിയന്ത്രണം
കെനിയയിൽനിന്ന് നേരിട്ട് സൗദിയിലെത്തുന്ന യാത്രക്കാർക്ക് മാത്രമല്ല, മൂന്നാമതൊരു രാജ്യം വഴി എത്തുന്നവർക്കും നിയന്ത്രണം ബാധകമാണ്. സൗദിയിലെത്തുന്നതിന് മുൻപുള്ള 21 ദിവസത്തിനിടെ കെനിയയിലോ എബോള വ്യാപനം റിപ്പോർട്ട് ചെയ്ത മറ്റ് രാജ്യങ്ങളിലോ താമസിച്ചിട്ടുള്ളവർക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്.
അതേസമയം, യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ കാലാവധിയും നിലവിലുള്ള വിസകൾക്ക് ബാധകമായ പ്രത്യേക വ്യവസ്ഥകളും സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
2019 മുതൽ തുടരുന്ന പ്രതിരോധ നടപടികൾ
എബോള വ്യാപന സാധ്യതയുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കായി സൗദി അറേബ്യ 2019 ജൂലൈയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നു. 2026 മേയിൽ ഈ നടപടികൾ കൂടുതൽ ശക്തമാക്കി.
എബോള ആശങ്കയെ തുടർന്ന് 2026 ജൂണിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രയും ആ രാജ്യങ്ങളിൽനിന്നുള്ള വരവും നിയന്ത്രിച്ചിരുന്നു.
വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധന ശക്തമാക്കി
എബോള ബാധിത മേഖലകളോട് ചേർന്ന രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കായി വിമാനത്താവളങ്ങളിലും മറ്റ് പ്രവേശനകവാടങ്ങളിലും ആരോഗ്യ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപന സാധ്യത വിലയിരുത്തുന്നതിനും രോഗബാധ നേരത്തേ കണ്ടെത്തുന്നതിനുമുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും രോഗവ്യാപന സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി അറിയിച്ചു. സാഹചര്യം അനുസരിച്ച് കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
English Summary:
Saudi Arabia has suspended travel by its citizens to Kenya and halted the issuance of all visa categories for arrivals from the country amid concerns over Ebola. Entry restrictions also apply to travellers arriving through third countries if they stayed in Kenya or other Ebola-affected countries within the 21 days before reaching Saudi Arabia. Authorities have strengthened health screening and continue to monitor the regional and international situation
