എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാർക്കിൽ 21കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഫർഹാനാണ് മരിച്ചത്.
പ്രമുഖ യൂട്യൂബറുടെ ക്യാമറാമാനായി പ്രവർത്തിച്ചിരുന്ന ഫർഹാന്റെ മൃതദേഹം പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. അർധരാത്രിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പെൺസുഹൃത്തിനൊപ്പമാണ് പാർക്കിലെത്തിയത്
പെൺസുഹൃത്തിനൊപ്പമാണ് ഫർഹാൻ പാർക്കിലെത്തിയത്. ഇരുവരും ബൈക്കിൽ എത്തി പാർക്കിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പാർക്കിനുള്ളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുക്കിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
സഹായം തേടി പെൺസുഹൃത്ത്
സംഭവം കണ്ട് ഭയന്ന പെൺസുഹൃത്ത് സമീപത്തെ റോഡിലൂടെ പോയ വഴിയാത്രക്കാരോട് സഹായം അഭ്യർഥിച്ചു. തുടർന്ന് സമീപത്തെ താമസസ്ഥലത്തുള്ള സുഹൃത്തുക്കളെയും വിവരം അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടവന്ത്ര പൊലീസ് ഊഞ്ഞാലിന്റെ ചങ്ങല മുറിച്ചുമാറ്റി മൃതദേഹം താഴെയിറക്കി. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലെത്തിച്ചു.
മൃതദേഹം കബറടക്കി
ആശുപത്രിയിൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മുഹമ്മദ് ഫർഹാന്റെ മൃതദേഹം കബറടക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
English Summary : A 21-year-old man, Muhammad Farhan from Perumbavoor, was found dead at Ground Gallery Park in Kadavanthra, Ernakulam. He was reportedly working as a cameraman for a prominent YouTuber. Police said preliminary findings suggest an argument with his female friend preceded the incident.
