facebook

ആറുലക്ഷം രൂപ വാങ്ങി റഷ്യയിലെത്തിച്ചു; വിദ്യാർഥികളെ ലഹരിശൃംഖലയിൽ കണ്ണികളാക്കാൻ ശ്രമമെന്ന് പരാതി

4 Min Read

വിദേശപഠനവും ജോലിയും വാഗ്ദാനം ചെയ്ത് വിദ്യാർഥികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങി റഷ്യയിലെത്തിച്ച് വഞ്ചിച്ചെന്ന പരാതിയിൽ വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന പെഫ് (PEF) സ്ഥാപനത്തിനെതിരെ ചവറ പൊലീസ് കേസെടുത്തു. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം സ്വദേശികളായ നാല് വിദ്യാർഥികളാണ് പരാതിക്കാർ.

ഓരോരുത്തരിൽനിന്നും ആറുലക്ഷം രൂപ വീതം വാങ്ങിയെന്നും റഷ്യയിലെത്തിയശേഷം വാഗ്ദാനം ചെയ്ത പഠനവും ജോലിയും ലഭിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. ലഹരിക്കടത്തിൽ പങ്കാളികളാക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.

നാലുമാസത്തെ ദുരിതജീവിതത്തിനുശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു.

ആറുലക്ഷം രൂപ വീതം വാങ്ങി

കൊല്ലം സ്വദേശി ആനന്ദ് (20), പത്തനംതിട്ട സ്വദേശി ജസ്റ്റിൻ (20), തിരുവനന്തപുരം സ്വദേശി ബിമൽ (20), മലപ്പുറം സ്വദേശി റിൻഷാദ് (20) എന്നിവരാണ് പരാതിക്കാർ. ആനന്ദ് നൽകിയ പരാതിയിലാണ് ചവറ പൊലീസ് കേസെടുത്തത്.

പെരിന്തൽമണ്ണയിലും പെഫിന് ശാഖയുണ്ട്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ് നാല് പേരും. പഠനത്തോടൊപ്പം ജോലി ചെയ്ത് കുടുംബത്തെ സഹായിക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ വിദേശപഠനത്തിനായി സ്ഥാപനത്തെ സമീപിച്ചത്.

സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് പെഫുമായി ബന്ധപ്പെടുന്നത്. ജർമൻ ഭാഷ പഠിച്ചശേഷം വിദേശത്ത് തുടർപഠനത്തിന് പ്രവേശനം നേടുകയായിരുന്നു ലക്ഷ്യം. ഇതിനായി ആദ്യം 50,000 രൂപ ഫീസായി നൽകി.

എന്നാൽ ജർമനിയിലേക്ക് പോകുന്നതിന് ചില തടസ്സങ്ങളുണ്ടെന്നും അതിനു മുമ്പ് റഷ്യയിൽ മറ്റൊരു കോഴ്സ് പഠിക്കണമെന്നും സ്ഥാപനം അറിയിച്ചതായി വിദ്യാർഥികൾ പറയുന്നു. തുടർന്നാണ് ആറുലക്ഷത്തോളം രൂപ കൈമാറിയത്.

വാഗ്ദാനം ചെയ്തതിൽനിന്ന് വ്യത്യസ്തമായ കോഴ്സ്

റഷ്യയിലെ സർവകലാശാലയിൽ പ്രവേശനം ശരിയാക്കിയെന്നും ആഴ്ചയിൽ രണ്ടുദിവസം ക്ലാസിൽ പങ്കെടുത്താൽ മതിയെന്നും അഞ്ചുദിവസം ജോലി ചെയ്യാമെന്നും സ്ഥാപനം ഉറപ്പുനൽകിയതായി വിദ്യാർഥികൾ ആരോപിക്കുന്നു. പ്രതിദിനം 5,000 റൂബിൾ ശമ്പളം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.

ഇതിനു പിന്നാലെ വീസ നടപടികൾ പൂർത്തിയാക്കി റഷ്യയിലേക്ക് അയച്ചു.എന്നാൽ സർവകലാശാലയിലെത്തിയപ്പോഴാണ് തങ്ങൾ ചേർന്നത് റഷ്യൻ ഭാഷാ പഠനത്തിനുള്ള കോഴ്സിലാണെന്ന് മനസ്സിലായതെന്ന് വിദ്യാർഥികൾ പറയുന്നു.

18 മാസം ദൈർഘ്യമുള്ള കോഴ്സിന് ആഴ്ചയിൽ ആറുദിവസവും ക്ലാസിൽ പങ്കെടുക്കണം. പഠനത്തിനിടെ ജോലിക്ക് പോകാൻ നിയമപരമായ അനുമതിയില്ലെന്നും തിരിച്ചറിഞ്ഞു.ഇതോടെ പെഫിനെ ബന്ധപ്പെട്ടപ്പോൾ സർവകലാശാലയുമായി രഹസ്യധാരണയുണ്ടെന്നായിരുന്നു മറുപടിയെന്ന് വിദ്യാർഥികൾ ആരോപിച്ചു.

എന്നാൽ സർവകലാശാല അധികൃതരോട് അന്വേഷിച്ചപ്പോൾ ഇത്തരമൊരു സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതികരണം. കോഴ്സ് തുടരുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാമെന്നും അധികൃതർ അറിയിച്ചതായി വിദ്യാർഥികൾ പറഞ്ഞു.

ലഹരിശൃംഖലയിൽ കണ്ണികളാക്കാൻ ശ്രമമെന്ന് പരാതി

ജോലിയില്ലാതെ റഷ്യയിൽ കഴിയാൻ കഴിയാത്ത സാഹചര്യത്തിൽ വീട്ടുകാരോട് വിവരം അറിയിച്ചു. തുടർന്ന് ചെലവിനുള്ള പണം കുടുംബാംഗങ്ങൾ കടം വാങ്ങിയും മറ്റും അയച്ചുനൽകി.

ഇതിനിടെ പെഫിന്റെ റഷ്യയിലെ കോഓർഡിനേറ്റർ ബന്ധപ്പെടുകയും ലഹരിക്കടത്തിൽ പങ്കാളികളായാൽ പ്രതിദിനം 6,000 റൂബിൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തെന്നാണ് വിദ്യാർഥികളുടെ ആരോപണം.

വിവരം വീട്ടുകാരെ അറിയിച്ചതോടെ കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയെ സമീപിച്ചു. എംബസിയുടെ സഹായത്തോടെയാണ് നാലുപേരും നാട്ടിലേക്ക് മടങ്ങിയതെന്ന് അവർ വ്യക്തമാക്കി.

തിരിച്ചെത്തിയശേഷം നൽകിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനം വിസമ്മതിച്ചതായും വിദ്യാർഥികൾ ആരോപിക്കുന്നു. കേസ് നൽകുമെന്ന് അറിയിച്ചപ്പോൾ ഹൈക്കോടതിയിൽനിന്ന് ജാമ്യം എടുത്തോളാമെന്നായിരുന്നു സ്ഥാപനമേധാവികളുടെ മറുപടിയെന്നും ഇവർ പറയുന്നു.

തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നോർക്കയ്ക്കും പരാതി നൽകി. ഒരു മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.

ഭാവിയെക്കുറിച്ച് ആശങ്കയിൽ വിദ്യാർഥികൾ

റഷ്യയിലെ ദുരനുഭവത്തിനുശേഷം നാട്ടിലെത്തിയ നാലുപേരും ഇപ്പോൾ ബന്ധുവീടുകളിലാണ് കഴിയുന്നത്. നാണക്കേട് ഭയന്ന് സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യത്തിലാണെന്നാണ് ഇവർ പറയുന്നത്.

കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് മാതാപിതാക്കൾ.ജർമൻ ഭാഷാ പഠനത്തിന്റെ സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടെങ്കിലും അവയുടെ കാലാവധി അവസാനിക്കാറായെന്ന് വിദ്യാർഥികൾ പറയുന്നു.

പുതിയ കോഴ്സിന് ചേരാനോ വീണ്ടും വിദേശത്തേക്ക് പോകാനോ ആവശ്യമായ സാമ്പത്തികശേഷി ഇവർക്കില്ല. നഷ്ടപ്പെട്ട ആറുലക്ഷം രൂപ വീതം തിരികെ ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.

ആരോപണങ്ങൾ നിഷേധിച്ച് പെഫ്

അതേസമയം, വിദ്യാർഥികളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പെഫ് എജ്യുക്കേഷൻ സിഇഒ ചിന്മ മനോരമയോട് പ്രതികരിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മതത്തോടെയാണ് നാലുപേരെയും റഷ്യയിലേക്ക് അയച്ചതെന്നും പഠനത്തോടൊപ്പം ജോലി ഉറപ്പുനൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾ കൃത്യമായി ക്ലാസിൽ പങ്കെടുക്കുന്നില്ലെന്ന് സർവകലാശാലയിൽനിന്ന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താക്കീത് നൽകിയതിലുള്ള പ്രകോപനമാണ് വ്യാജപരാതിക്ക് പിന്നിലെന്നും ചിന്മ ആരോപിച്ചു.

റഷ്യയിലെത്തിയ വിദ്യാർഥികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും പെഫ് ആരോപിച്ചു.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ചവറ പൊലീസ് അറിയിച്ചു.

English Summary : Chavara police have registered a case against PEF, an education consultancy based in Vadakara, following allegations of fraud involving four students sent to Russia for higher studies and employment. The students claim they each paid Rs 6 lakh but were enrolled in a different course and later faced an alleged attempt to recruit them into a drug trafficking network. They returned to India with the assistance of the Indian Embassy. PEF has denied the allegations, while police confirmed that an investigation is underway.

Share This Article