facebook

തെങ്ങിൻതോപ്പിൽ ജാതിയുടെ പൊൻവിളവ്; പൊള്ളാച്ചിയിൽ കൃഷി 1000 ഏക്കറിലേക്ക്

3 Min Read

തെങ്ങിനൊപ്പം ഇടവിളയായി ജാതി കൃഷി ചെയ്ത് മികച്ച വരുമാനം നേടുകയാണ് തമിഴ്നാട്ടിലെ പൊള്ളാച്ചി, ആനമലൈ മേഖലയിലെ കർഷകർ. കഴിഞ്ഞ പത്തുവർഷത്തിനിടെ ആനമലൈയിൽ മാത്രം തെങ്ങിൻതോപ്പുകളിലെ ജാതിക്കൃഷി 1000 ഏക്കറിലേക്ക് വ്യാപിച്ചു.

കർഷകർ ചേർന്ന് രൂപീകരിച്ച പൊള്ളാച്ചി നട്മെഗ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള വ്യാപാരം തുടങ്ങിയതോടെ കൃഷി കൂടുതൽ ആദായകരമായി. പൊള്ളാച്ചി ജാതിയുടെ സവിശേഷ ഗുണമേന്മ കണക്കിലെടുത്ത് ഭൗമസൂചികാ പദവി (ജിഐ) നേടാനുള്ള ശ്രമവും കമ്പനി ആരംഭിച്ചിട്ടുണ്ട്.

കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് ജാതിക്കൃഷിയുടെ വളർച്ച

കേരളത്തിലെ കൃഷിയിടങ്ങളിൽ തെങ്ങിനൊപ്പം ജാതിയും വളർത്തുന്ന രീതി പതിറ്റാണ്ടുകളായി നിലനിൽക്കുന്നു. തെങ്ങിന് രോഗ-കീടബാധകൾ വർധിച്ചതോടെ കർഷകർ ജാതിക്കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യയിൽ ജാതിക്കൃഷിക്ക് തുടക്കം കുറിച്ച പ്രദേശമെന്ന ഖ്യാതി എറണാകുളം ജില്ലയിലെ കാലടിക്കുണ്ട്. സംസ്ഥാനത്തിന്റെ സുഗന്ധവിളപ്പെരുമയിൽ ജാതിക്ക് ഇന്നും നിർണായക സ്ഥാനമുണ്ട്.

എന്നാൽ, ജാതിക്കൃഷി കൂടുതൽ ശാസ്ത്രീയമായി നടത്തി മികച്ച ലാഭം നേടുന്നതിൽ തമിഴ്നാട്ടിലെ പൊള്ളാച്ചി, ആനമലൈ മേഖലകൾ മുന്നേറുകയാണ്.

മുൻപും ഈ പ്രദേശങ്ങളിൽ ജാതിക്കൃഷിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ വളർച്ച ശ്രദ്ധേയമാണെന്ന് പൊള്ളാച്ചി നട്മെഗ് ഫാർമർ പ്രൊഡ്യൂസർ കമ്പനി മേധാവിയും കോട്ടൂർ സ്വദേശിയുമായ ആർ. രഞ്ജിത് കുമാർ പറയുന്നു.

ഇടനിലക്കാരില്ല; നേരിട്ടുള്ള വ്യാപാരത്തിലൂടെ നേട്ടം

കർഷകർ ചേർന്ന് രൂപീകരിച്ച പൊള്ളാച്ചി നട്മെഗ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ 150 അംഗങ്ങളുണ്ട്. കഴിഞ്ഞ വർഷം കമ്പനി 70 ടൺ ജാതിക്കായയും 15 ടൺ ജാതിപത്രിയും വ്യാപാരം നടത്തി.

ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള വ്യാപാരം ആരംഭിച്ചതോടെ കർഷകർക്ക് കൂടുതൽ ആദായം ലഭിക്കുന്ന സാഹചര്യമുണ്ടായി.കമ്പനിയിലെ 90 ശതമാനം കർഷകരും റൗണ്ട് ലീഫ് ഇനം മാത്രമാണ് കൃഷി ചെയ്യുന്നത്. വിളവെടുപ്പും പ്രാഥമിക സംസ്കരണവും കമ്പനി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.

ഇതിലൂടെ ഉൽപന്നങ്ങൾക്ക് ഏകീകൃത ഗുണമേന്മ ഉറപ്പാക്കാൻ കഴിയുന്നു. വിപണിയിൽ മേൽക്കൈ നേടാനും വ്യാപാരികളെ ആകർഷിക്കാനും ഈ രീതി സഹായിക്കുന്നുണ്ട്.

500 ജാതിമരങ്ങളിൽനിന്ന് 30 ലക്ഷം രൂപ വരുമാനം

എൻജിനീയറിങ് ബിരുദധാരിയായ രഞ്ജിത് കുമാർ കുടുംബസ്വത്തായ 60 ഏക്കർ തെങ്ങിൻതോപ്പ് ഏറ്റെടുത്തതോടെയാണ് ജാതിക്കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചത്. ഇതിൽ 10 ഏക്കറിൽ ജാതി ഇടവിളയായി കൃഷി ചെയ്തു.

മികച്ച വിളവ് നൽകുന്ന അഞ്ഞൂറിലേറെ ജാതിമരങ്ങളിൽനിന്ന് കഴിഞ്ഞ വർഷം 30 ലക്ഷം രൂപ വരുമാനം ലഭിച്ചു.ജാതിക്കൃഷി വ്യാപിപ്പിക്കുമ്പോഴും തെങ്ങിന്റെ പരിപാലനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് രഞ്ജിത് പറയുന്നു.

തോട്ടത്തിലെ നല്ലൊരു പങ്ക് തെങ്ങുകളും വർഷം ശരാശരി 250 തേങ്ങകൾ നൽകുന്നവയാണ്. കേടുവന്നതും വിളവു കുറഞ്ഞതുമായ തെങ്ങുകൾ മുറിച്ചുമാറ്റുന്നതിനു മുന്നോടിയായി രോഗപ്രതിരോധശേഷി കൂടുതലുള്ള കൽപ വജ്ര, കൽപശങ്കര ഇനങ്ങളുടെ തൈകൾ പഴയ തെങ്ങുകൾക്ക് സമീപം തന്നെ വളർത്തിയെടുക്കുന്നു. ഈ ഇനങ്ങൾ വികസിപ്പിച്ചത് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായ സിപിസിആർഐയാണ്.

കാലാവസ്ഥാ നിരീക്ഷണവും ശാസ്ത്രീയ പരിപാലനവും

ആളിയാർ പദ്ധതിയിൽനിന്നുള്ള ജലലഭ്യതയാണ് പ്രദേശത്തെ ജാതിക്കൃഷിക്ക് അനുകൂലമായ ഘടകങ്ങളിലൊന്ന്. കൃഷിയിടത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ച് അവയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പരിപാലന പ്രവർത്തനങ്ങൾ നടത്തുന്നത്.

തെങ്ങിൻതോപ്പുകളിൽ ജാതി ഇടവിളയായി കൃഷി ചെയ്യുന്നതിലൂടെ വരുമാനം ഇരട്ടിയാക്കാൻ കഴിയുന്ന സാഹചര്യമാണ് കർഷകരെ ഈ രീതിയിലേക്ക് ആകർഷിക്കുന്നത്. അതിനാൽ പൊള്ളാച്ചി, ആനമലൈ മേഖലകളിൽ ജാതി ഇടവിളയായി കൃഷി ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് രഞ്ജിത് കുമാർ പറയുന്നു.

English Summary : Nutmeg cultivation as an intercrop in coconut plantations has expanded to 1,000 acres in Tamil Nadu’s Anamalai region over the past decade. The Pollachi Nutmeg Farmer Producer Company, with 150 members, traded 70 tonnes of nutmeg seeds and 15 tonnes of mace last year. Farmer R. Ranjith Kumar earned ₹30 lakh from over 500 productive nutmeg trees on his 10-acre farm. The company is also pursuing a Geographical Indication (GI) tag for Pollachi nutmeg.

Share This Article