facebook

ദുബായ് ഫാർമേഴ്സ് സൂഖിന് രാജ്യാന്തര അംഗീകാരം; ബെസ്റ്റ് ഇൻ ബിസ് ഗോൾഡ് പുരസ്കാരം

2 Min Read
ഫാർമേഴ്സ് സൂഖിന്റെ വാഹനം. കടപ്പാട് : മലയാള മനോരമ

ദുബായ്: ഇമറാത്തി കർഷകരുടെ ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഫാർമേഴ്സ് സൂഖിന്റെ പ്രചാരണ മികവിന് ദുബായ് മുനിസിപ്പാലിറ്റിക്ക് രാജ്യാന്തര അംഗീകാരം. മികച്ച മാർക്കറ്റിങ് ക്യാംപെയ്ൻ വിഭാഗത്തിൽ ബെസ്റ്റ് ഇൻ ബിസ് അവാർഡിന്റെ ഗോൾഡ് പുരസ്കാരമാണ് മുനിസിപ്പാലിറ്റി നേടിയത്.

2025 ഡിസംബർ 6 മുതൽ 2026 മാർച്ച് 8 വരെ നടന്ന അഞ്ചാം സീസണിൽ 3,93,467 പേർ കർഷകച്ചന്ത സന്ദർശിച്ചു. മുൻ സീസണിലെ 1,02,625 സന്ദർശകരുമായി താരതമ്യം ചെയ്യുമ്പോൾ 283 ശതമാനത്തിന്റെ വർധനയാണിത്.

സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

കർഷകച്ചന്തയിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിക്കുന്നതിനായി പരമ്പരാഗത മാധ്യമങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് പ്രചാരണം നടത്തിയത്.

മുൻ സീസണുകളിലെ അനുഭവങ്ങളും സന്ദർശകരുടെയും പ്രദർശകരുടെയും അഭിപ്രായങ്ങളും വിലയിരുത്തി പ്രചാരണ സന്ദേശങ്ങളിലും രീതികളിലും മാറ്റങ്ങൾ വരുത്തി.

ഈ പ്രവർത്തനങ്ങൾ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാക്കാൻ സഹായിച്ചു. അഞ്ചാം സീസണിൽ 3.93 ലക്ഷത്തിലധികം പേർ ഫാർമേഴ്സ് സൂഖിലെത്തിയതോടെ പദ്ധതിയുടെ ജനപ്രീതിയും വ്യാപ്തിയും വർധിച്ചു.

വിപണിക്കപ്പുറം സമൂഹകേന്ദ്രമായി ഫാർമേഴ്സ് സൂഖ്

കർഷകരുടെ ഉൽപന്നങ്ങൾ വാങ്ങാനുള്ള വിപണി എന്ന പരിമിതിയിൽനിന്ന് ഫാർമേഴ്സ് സൂഖ് കൂടുതൽ വിപുലമായ സമൂഹകേന്ദ്രമായി മാറി. ശിൽപശാലകൾ, വിനോദപരിപാടികൾ, സംവാദങ്ങൾ, ഭക്ഷണവിഭവങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കി.

കുടുംബങ്ങളെയും വിവിധ പ്രായക്കാരെയും ആകർഷിക്കുന്ന തരത്തിൽ പരിപാടികൾ വികസിപ്പിച്ചത് ഫാർമേഴ്സ് സൂഖിന്റെ ജനപങ്കാളിത്തം വർധിപ്പിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിപണന പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹികവും സാംസ്കാരികവുമായ ഇടമായി കർഷകച്ചന്തയെ മാറ്റാനും ഇതിലൂടെ കഴിഞ്ഞു.

പ്രാദേശിക കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും പ്രാധാന്യം

ഇമറാത്തി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനുള്ള അവസരം ഒരുക്കുന്നതിനൊപ്പം പ്രാദേശിക കൃഷി, ഭക്ഷ്യസുരക്ഷ, സുസ്ഥിര കാർഷിക രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ കോർപറേറ്റ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ മഹ അൽ തായർ പറഞ്ഞു.

മുനിസിപ്പാലിറ്റിയുടെ പദ്ധതികളുടെയും സേവനങ്ങളുടെയും സ്വാധീനം വർധിപ്പിക്കുന്നതിനായി നൂതനവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ പ്രചാരണരീതികൾ തുടരുമെന്നും അവർ വ്യക്തമാക്കി.

English Summary : Dubai Municipality has received the Gold award in the Best Marketing Campaign category at the Best in Biz Awards for promoting the Farmers Souq. The fifth season, held from December 6, 2025, to March 8, 2026, attracted 393,467 visitors, marking a 283% increase from the previous season. The initiative supports Emirati farmers by providing direct access to consumers while promoting local agriculture, food security and sustainable farming practices.

Share This Article