വാഷിങ്ടൺ: അമേരിക്കയിൽ ഈ വർഷത്തെ ഡേലൈറ്റ് സേവിങ് സമയത്തിന് നവംബർ ഒന്നിന് വിരാമമാകും.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയാകുമ്പോൾ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പിന്നോട്ടാക്കി ഒരുമണിയിലേക്ക് മാറ്റണം. ഇതോടെ അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളും സ്റ്റാൻഡേർഡ് ടൈമിലേക്ക് മടങ്ങും.
സമയമാറ്റത്തോടെ ജനങ്ങൾക്ക് ഒരു മണിക്കൂർ അധിക സമയം ലഭിക്കും. അതേസമയം, ശീതകാലം അടുത്തെത്തുന്നതോടെ വൈകുന്നേരങ്ങളിൽ നേരത്തേ ഇരുട്ടുകയും രാവിലെ നേരത്തേ വെളിച്ചം ലഭിക്കുകയും ചെയ്യുന്ന സമയക്രമത്തിലേക്കാണ് രാജ്യം മാറുന്നത്.
48 സംസ്ഥാനങ്ങളിലും വാഷിങ്ടൺ ഡി.സിയിലും സമയമാറ്റം
നിലവിലെ നിയമപ്രകാരം മാർച്ചിലെ രണ്ടാമത്തെ ഞായറാഴ്ച ആരംഭിക്കുന്ന ഡേലൈറ്റ് സേവിങ് സമയം നവംബറിലെ ആദ്യ ഞായറാഴ്ച അവസാനിക്കും. അമേരിക്കയിലെ 48 സംസ്ഥാനങ്ങളിലും തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലും ഈ സമയമാറ്റം ബാധകമാണ്.
എന്നാൽ എല്ലാ പ്രദേശങ്ങളും ഡേലൈറ്റ് സേവിങ് സമയം പിന്തുടരുന്നില്ല. ഹവായ്, അരിസോണയുടെ ഭൂരിഭാഗം പ്രദേശങ്ങൾ, അമേരിക്കൻ സമോവ, ഗുവാം, നോർത്തേൺ മരിയാന ഐലൻഡ്സ്, പോർട്ടോ റിക്കോ, യു.എസ്. വിർജിൻ ഐലൻഡ്സ് എന്നിവ വർഷം മുഴുവൻ സ്റ്റാൻഡേർഡ് ടൈമാണ് പിന്തുടരുന്നത്.
അതേസമയം, അരിസോണയ്ക്കുള്ളിലെ നവാജോ നേഷൻ പ്രദേശത്ത് ഡേലൈറ്റ് സേവിങ് സമയം പാലിക്കുന്നുണ്ട്.
സമയമാറ്റം നിർത്താനുള്ള നീക്കം എവിടെ?
വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന ആവശ്യവും അമേരിക്കയിൽ ശക്തമാണ്. ഇതിനായി അവതരിപ്പിച്ച ‘സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട്’ കോൺഗ്രസ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
സമയമാറ്റം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പൊതുചർച്ചകളും രാഷ്ട്രീയ ഇടപെടലുകളും തുടരുന്നുണ്ടെങ്കിലും ഫെഡറൽ നിയമത്തിൽ മാറ്റമില്ലാത്തതിനാൽ നിലവിലെ രീതി തുടരുകയാണ്.
1918-ൽ തുടക്കം; 1966-ൽ ഏകീകൃത നിയമം
ഒന്നാം ലോകമഹായുദ്ധകാലത്ത്, 1918-ൽ ‘സ്റ്റാൻഡേർഡ് ടൈം ആക്ട്’ വഴിയാണ് അമേരിക്ക ആദ്യമായി ഡേലൈറ്റ് സേവിങ് സമയം നടപ്പാക്കിയത്. പകൽവെളിച്ചം പരമാവധി പ്രയോജനപ്പെടുത്തി ഇന്ധനവും വൈദ്യുതിയും ലാഭിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
പിന്നീട് 1966-ൽ പ്രസിഡന്റ് ലിൻഡൻ ബി. ജോൺസന്റെ ഭരണകാലത്ത് ‘യൂനിഫോം ടൈം ആക്ട്’ നിലവിൽ വന്നു. ഇതോടെ രാജ്യത്തുടനീളം സമയമാറ്റത്തിന് ഏകീകൃത നിയമപരമായ ചട്ടക്കൂട് രൂപപ്പെട്ടു.
English Summary: Daylight Saving Time in most of the United States will end on November 1, 2026. Clocks will move back one hour at 2 a.m., returning participating areas to Standard Time. Hawaii, most of Arizona and several US territories do not observe the change.
