അവകാശികളില്ലാത്ത 611 വാഹനങ്ങൾ ലേലത്തിന്; ഓൺലൈനായി പങ്കെടുക്കാം
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത 611 വാഹനങ്ങൾ ഓൺലൈൻ വഴി ലേലം ചെയ്യുന്നു. നിലവിൽ പൊലീസ് അന്വേഷണത്തിലോ കോടതി വിചാരണയിലോ മറ്റ് നിയമപരമായ പരിഗണനകളിലോ ഉൾപ്പെട്ടിട്ടില്ലാത്ത വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. സിറ്റി പൊലീസ് കമീഷണറാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.
ഒക്ടോബർ 31ന് ഓൺലൈൻ ലേലം
പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mstcecommerce.com വഴിയാണ് ലേല നടപടികൾ നടക്കുക. ഒക്ടോബർ 31ന് രാവിലെ 11ന് ആരംഭിക്കുന്ന ലേലം വൈകീട്ട് നാലുവരെ തുടരും. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വെബ്സൈറ്റിൽ ‘Buyer’ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിബന്ധനകളും രജിസ്ട്രേഷൻ നടപടികളും പരിശോധിക്കണം.
വാഹനങ്ങൾ നേരിട്ട് പരിശോധിക്കാം
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനങ്ങൾ നേരിട്ട് പരിശോധിക്കാനും അവസരമുണ്ട്. ലേല തീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ അനുമതിയോടെ വാഹനങ്ങൾ പരിശോധിക്കാം. വാഹനത്തിന്റെ നിലവിലെ അവസ്ഥയും ലഭ്യമായ വിവരങ്ങളും മനസ്സിലാക്കിയശേഷം ലേലത്തിൽ പങ്കെടുക്കുന്നതാണ് ഉചിതം.
