തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നാളെ രണ്ട് ജില്ലകളിൽ കൂടി റെഡ് അലർട്ട്
മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് നാളെ പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ അധികൃതർ നിർദേശം നൽകി.
മഴക്കെടുതിക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി
റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വയനാട് ജില്ലയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളും യാത്രക്കാരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
കർണാടകത്തിലും മഴ മുന്നറിയിപ്പ്
കേരളത്തിന് സമീപമുള്ള കർണാടകത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉഡുപ്പി, ദക്ഷിണ കന്നഡ, കൊടക്, മൈസൂരു, ചാമരാജ് നഗർ, ഹാസൻ, ബല്ലാരി ജില്ലകളിൽ നാളേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
തീരദേശത്തും മലയോരത്തും ജാഗ്രത വേണം
തീരദേശ, മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഔദ്യോഗിക നിർദേശങ്ങൾ പിന്തുടരുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുകയും വേണം.
അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും നിർദേശമുണ്ട്.
English Summary: Kerala has intensified weather alerts as heavy rainfall is forecast. Red alerts have been issued for Kozhikode, Malappuram and Wayanad, with Palakkad and Idukki under red alert the following day. Tourism activities have been prohibited in Wayanad, while parts of Karnataka are also under orange and yellow alerts.
