കൊച്ചി: നഗരത്തിൽ ജോലി തേടിയെത്തിയ ദളിത് യുവതിക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനമെന്ന് ഭർത്താവ് വെളിപ്പെടുത്തി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതിയെ രണ്ടുദിവസത്തോളം തടവിലാക്കി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് ആരോപണം. സ്ത്രീ ഉൾപ്പെടെയുള്ളവർ ചേർന്നാണ് യുവതിയെ ക്രൂരമായി ഉപദ്രവിച്ചതെന്നും ഭർത്താവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും യുവതിയെ തടഞ്ഞുവച്ച സ്ഥലത്ത് മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും അന്വേഷിച്ചുവരികയാണ്. സ്പാ ബിസിനസിന്റെ മറവിൽ അനധികൃത പ്രവർത്തനങ്ങൾ നടന്നിരുന്നോയെന്നും പ്രതികൾക്ക് ലഹരി ഇടപാടുകളുമായോ ക്രിമിനൽ സംഘങ്ങളുമായോ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സാമൂഹികമാധ്യമത്തിലെ ജോലി പരസ്യം
അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതിക്ക് താമസസ്ഥലം മാറേണ്ടിവന്നതോടെ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ജോലി അന്വേഷിച്ചത്. സാമൂഹികമാധ്യമത്തിൽ കണ്ട സ്പായിലെ മാനേജർ ഒഴിവിലേക്കുള്ള പരസ്യത്തിലാണ് യുവതി അപേക്ഷിച്ചത്. തുടർന്ന് അഭിമുഖത്തിനായി ക്ഷണം ലഭിക്കുകയും ജോലി ലഭിച്ചതായി അറിയിക്കുകയും ചെയ്തു.
അടുത്തിടെ ഗർഭച്ഛിദ്രം സംഭവിച്ചതിനെ തുടർന്ന് യുവതി മാനസിക സമ്മർദത്തിലായിരുന്നു. ഇതിന് ചികിത്സയും ലഭിച്ചുവരികയായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം മാനസികമായി കൂടുതൽ പിന്തുണ ലഭിക്കുന്നതിനും സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജോലി അന്വേഷിക്കുന്നതിനെ ഭർത്താവ് പിന്തുണച്ചത്.
ജോലി ലഭിച്ചെന്ന വിവരം ലഭിച്ചതോടെ യുവതിയും കുടുംബവും ആശ്വാസത്തിലായിരുന്നു. എന്നാൽ, ജോലിക്കായി പുറത്തുപോയ ദിവസം തന്നെ കാര്യങ്ങൾ ദുരന്തത്തിലേക്ക് മാറുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ.
ഫോൺ ബന്ധം നഷ്ടപ്പെട്ടതോടെ ആശങ്ക
സംഭവദിവസം ഭർത്താവ് ജോലി ആവശ്യത്തിനായി മൂന്നാറിലേക്ക് പോയിരുന്നു. രാവിലെ ഭാര്യ ഫോണിൽ ബന്ധപ്പെട്ട് അഭിമുഖത്തിന് വിളിച്ചിരുന്ന കാര്യവും ജോലി ലഭിച്ചതായും അറിയിച്ചു. രാവിലെ പതിനൊന്നുമണിവരെ ഇരുവരും സംസാരിച്ചിരുന്നെങ്കിലും പിന്നീട് യുവതിയുടെ ഫോൺ ലഭിക്കാതായി.
തുടർച്ചയായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഭർത്താവിന് ആശങ്കയായി. അടുത്ത ദിവസം രാവിലെയും ഭാര്യയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ വീട്ടുടമസ്ഥനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയെങ്കിലും യുവതിയെ അവിടെ കണ്ടെത്താനായില്ല.
വൈകുന്നേരത്തോടെ യുവതി ഫോണിൽ ബന്ധപ്പെട്ടു. സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നെന്നും ഇടപ്പള്ളിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയാണെന്നും അറിയിച്ചു. ഫോണിന്റെ ഡിസ്പ്ലേ തകരാറിലായതിനാൽ അറ്റകുറ്റപ്പണിക്കായി കടയിൽ നൽകിയിരിക്കുകയാണെന്നും പറഞ്ഞു. വെയിലേറ്റതിനെ തുടർന്ന് ചുണ്ടുകൾ വീർന്നിട്ടുണ്ടെന്നും യുവതി പറഞ്ഞതായി ഭർത്താവ് പറയുന്നു.
വീട്ടിലെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
വിവരം ലഭിച്ചതിന് പിന്നാലെ ഭർത്താവ് വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിലെത്തിയപ്പോൾ ഭാര്യ കടുത്ത ക്ഷീണിതയായി കമഴ്ന്നുകിടക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മുറിയിൽ ഫാനോ ലൈറ്റോ പോലും പ്രവർത്തിപ്പിച്ചിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ ആദ്യം യുവതി കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായില്ല.
പിന്നീട് നിരന്തരം ചോദിച്ചപ്പോഴാണ് യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. ജോലി സ്ഥലത്തെത്തിയതിന് പിന്നാലെ ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും അതോടെ ബോധം നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞതായി ഭർത്താവ് പറയുന്നു.
ബോധം ഭാഗികമായി വീണ്ടെടുത്തപ്പോഴാണ് തനിക്ക് നേരെ ശാരീരിക അതിക്രമം നടന്നതായി യുവതി വെളിപ്പെടുത്തിയത്. അവിടെയുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ളവർ ചേർന്ന് തന്നെ ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് ആരോപണം.
രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും തടഞ്ഞു
പീഡനത്തിനിടെ രക്ഷപ്പെടാനുള്ള ശ്രമവും യുവതി നടത്തിയതായി ഭർത്താവ് പറയുന്നു. ശുചിമുറിയിൽ കയറി വസ്ത്രം ധരിച്ച് പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ പ്രതികൾ വാതിൽ തകർത്തുകയറി തന്നെ പുറത്തേക്ക് വലിച്ചിഴച്ചുവെന്നാണ് ആരോപണം.
മൂന്നുനേരവും മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് നൽകിയതെന്നും ഇതോടെ ഭക്ഷണം കഴിക്കാൻ പോലും യുവതി പിന്നീട് വിസമ്മതിച്ചെന്നും ഭർത്താവ് പറഞ്ഞു. മണിക്കൂറുകളോളം നീണ്ട പീഡനത്തിനിടെ യുവതി കടുത്ത ശാരീരികവും മാനസികവുമായ ആഘാതത്തിലൂടെ കടന്നുപോയെന്നാണ് കുടുംബം പറയുന്നത്.
ഇതിനിടെ വൈകുന്നേരത്തോടെ പുറത്തുനിന്ന് രണ്ടുപേർ കൂടി സ്ഥലത്തെത്തിയതായും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. ഇതോടെയാണ് രക്ഷപ്പെടുന്നതിനായി യുവതി ശക്തമായി പ്രതിരോധിച്ചത്. അവിടെ കണ്ട ബിയർ കുപ്പി പൊട്ടിച്ച് താൻ കുത്തിമരിക്കുമെന്നും, താൻ മരിച്ചാൽ പ്രതികൾ ജയിലിലാകുമെന്നും പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയതായാണ് വിവരം. തുടർന്ന് ഫോൺ തിരികെ നൽകി യുവതിയെ പുറത്തുവിട്ടെന്നാണ് ഭർത്താവിന്റെ ആരോപണം.
പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണി
പുറത്തുവിട്ട ശേഷവും യുവതിയെ ഭീഷണിപ്പെടുത്തിയതായി ഭർത്താവ് പറയുന്നു. പീഡനത്തിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്നും സംഭവം പുറത്തുപറയുകയോ പോലീസിൽ പരാതി നൽകുകയോ ചെയ്താൽ കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ യുവതി കടുത്ത മാനസികാഘാതത്തിലാണ്. ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ലെന്നും സ്വന്തം വസ്ത്രങ്ങൾ പോലും വലിച്ചുകീറുന്ന അവസ്ഥയിലാണെന്നും ഭർത്താവ് പറഞ്ഞു. അടുത്ത ബന്ധുക്കളോടുപോലും സംസാരിക്കാൻ മടിക്കുന്ന യുവതി ഭർത്താവിനോട് പോലും അകലം പാലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ പ്രതികളിലേക്ക് അന്വേഷണം
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വയനാട് സ്വദേശിനിയായ ഒരു യുവതിക്കും പീഡനത്തിൽ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതി പുറത്തേക്ക് രക്ഷപ്പെടാതിരിക്കാൻ ലോഡ്ജിന് പുറത്ത് മറ്റൊരാൾ കാവൽ നിന്നതായും അന്വേഷണത്തിൽ വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
പ്രധാന പ്രതിയായ ശ്രീരാജ് വർഷങ്ങളായി സ്പാ ബിസിനസ് നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്പാ സ്ഥാപനത്തിന്റെ മറവിൽ യുവതികളെ ആവശ്യക്കാർക്ക് എത്തിക്കുന്ന തരത്തിലുള്ള അനധികൃത ശൃംഖല പ്രവർത്തിച്ചിരുന്നോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഗുണ്ടാബന്ധം, ലഹരി ഇടപാടുകൾ, സ്പാ ബിസിനസിലെ പങ്കാളികൾ എന്നിവ സംബന്ധിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ചികിത്സയ്ക്കും സാമ്പത്തിക പ്രതിസന്ധി
പീഡനത്തിന് ഇരയായ ഭാര്യയുടെ ചികിത്സയ്ക്കായി വലിയ സാമ്പത്തിക ബാധ്യതയാണ് തനിക്ക് നേരിടേണ്ടിവരുന്നതെന്ന് ഭർത്താവ് പറയുന്നു. കുടുംബപരമായ ചില പ്രശ്നങ്ങൾ കാരണം ഭാര്യയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് സംബന്ധിച്ച രേഖകൾ ലഭ്യമല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളോടെയുള്ള ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീട്ടുവാടകയ്ക്കായി മാറ്റിവച്ചിരുന്ന പണം ഉപയോഗിച്ചാണ് നിലവിൽ ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാരീരികമായി മാത്രമല്ല, കടുത്ത മാനസിക ആഘാതവും നേരിടുന്ന ഭാര്യയ്ക്ക് തുടർചികിത്സയും സുരക്ഷിതമായ അന്തരീക്ഷവും ഉറപ്പാക്കേണ്ടതുണ്ടെന്നും ഭർത്താവ് വ്യക്തമാക്കി.
സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. യുവതിക്ക് ആവശ്യമായ സർക്കാർ സംരക്ഷണവും ചികിത്സാ സഹായവും നൽകണമെന്നും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു.
