കൊച്ചി: ഇന്ത്യൻ ഭാഷകൾക്കും വിവിധ ലിപികൾക്കും അനുയോജ്യമായ പുതിയ ഫോണ്ടുകൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഇന്ത്യൻ ടൈപ്പോഗ്രഫി സൊസൈറ്റി സ്ഥാപകനും ഐ.ഐ.ടി ബോംബെ പ്രൊഫസറുമായ ജി. വി. ശ്രീകുമാർ. കേരളം ആദ്യമായി വേദിയാകുന്ന അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് ടൈപ്പോ ഡേ-2026 കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ചു.
ഇന്ത്യൻ ഭാഷകൾക്ക് പുതിയ ഫോണ്ടുകൾ വേണം
ജെയിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐ.ഐ.ടി ബോംബെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺഫറൻസ് പ്രൊഫ. ജി. വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
22 ഔദ്യോഗിക ഭാഷകളും 13 ലിപികളുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ നിരവധി ഇന്ത്യൻ ലിപികൾക്ക് സ്വന്തമായി മികച്ച നിലവാരത്തിലുള്ള ഫോണ്ടുകൾ ഇപ്പോഴും ലഭ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാർഖണ്ഡിലെ കുറുഖ്, തുളു തുടങ്ങിയ ലിപികൾക്ക് മികച്ച ഫോണ്ടുകൾ ആവശ്യമാണ്. യുവതലമുറ കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്നുവരണമെന്നും ടൈപ്പോഗ്രഫിയെ ആശയവിനിമയത്തിന്റെ പ്രധാന മാധ്യമമായി കണ്ട് ഗൗരവമുള്ള പ്രൊഫഷനായി തിരഞ്ഞെടുക്കണമെന്നും ശ്രീകുമാർ പറഞ്ഞു.
ലിപികൾ തമ്മിലുള്ള ദൃശ്യ പൊരുത്തം പ്രധാനമെന്ന് മുത്തു നെടുമാരൻ
ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾക്കായി പതിനഞ്ചോളം ഭാഷകളിൽ ഫോണ്ടുകൾ ഡിസൈൻ ചെയ്ത അനുഭവങ്ങൾ പ്രമുഖ ടൈപ്പ്ഫേസ് ഡിസൈനറും ഭാഷാ സാങ്കേതികവിദ്യാ വിദഗ്ധനുമായ മുത്തു നെടുമാരൻ പങ്കുവച്ചു.
വ്യത്യസ്ത ലിപികൾ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ അവ തമ്മിലുള്ള ദൃശ്യ പൊരുത്തം ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിൻ, തമിഴ്, അറബിക് തുടങ്ങിയ ലിപികളും അക്കങ്ങളും ഒരേ സമയം ഉപയോഗിക്കുമ്പോൾ ഒരു ഭാഷ മറ്റൊന്നിന്റെ ശ്രദ്ധ തിരിക്കാത്ത തരത്തിൽ കാഴ്ചയിൽ പൊരുത്തം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പുതിയ ഫോണ്ട് വികസിപ്പിക്കുന്നതിൽ ഗവേഷണം, ഡിജിറ്റൽ ഡ്രോയിംഗ്, ടെസ്റ്റിംഗ് തുടങ്ങി വിവിധ ഘട്ടങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മുത്തു നെടുമാരൻ പറഞ്ഞു.
അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസിന് കൊച്ചിയിൽ തുടക്കം
അഹമ്മദാബാദ് എൻ.ഐ.ഡിയിലെ ഗ്രാഫിക് ഡിസൈൻ പ്രിൻസിപ്പൽ ഡിസൈനർ പ്രൊഫ. തരുൺ ദീപ് ഗിർധർ, ജെയിൻ യൂണിവേഴ്സിറ്റി ജോയിന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. മധുകുമാർ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് മേധാവി ഡോ. രാധാകൃഷ്ണൻ ഉണ്ണി, സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. അളഗപ്പൻ, ഡിസൈൻ സ്കൂൾ അഡ്വൈസറി ബോർഡ് അംഗം ഡോ. വരുണൻ ബാലസുബ്രഹ്മണ്യം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
‘ടൈപ്പോഗ്രാഫിക് ഇന്റർസെക്ഷൻസ്: അനലോഗ് ടു ഡിജിറ്റൽ ആൻഡ് ബിയോണ്ട്’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.
വിവിധ ശിൽപ്പശാലകൾ അരങ്ങേറി
സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച വിവിധ വിഷയങ്ങളിൽ ശിൽപ്പശാലകൾ നടന്നു. പ്രശസ്ത കാലിഗ്രഫറും കലാകാരനുമായ നാരായണ ഭട്ടതിരി, മാസ്റ്റർ കാലിഗ്രഫർ പത്മശ്രീ അച്യുത് പാലവ്, പ്രൊഫ. തരുൺ ദീപ് ഗിർധർ, ഇല്ലിനോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറും ഗ്രാഫിക് ഡിസൈനറുമായ പ്രൊഫ. അർച്ചന ശേഖര, ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗ്രാഫിക് ഡിസൈൻ അസോസിയേറ്റ് പ്രൊഫ. പൗയ ജഹാൻഷാഹി, മുത്തു നെടുമാരൻ, പ്രൊഫ. ജി. വി. ശ്രീകുമാർ എന്നിവർ ശിൽപ്പശാലകൾ നയിച്ചു.
സെപ്റ്റംബർ 30ന് സമ്മേളനം സമാപിക്കും. സമാപന സമ്മേളനത്തിൽ ഈ വർഷത്തെ ടൈപ്പോ ഡേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ സമ്മാനിക്കും.
English Summary:
Professor G. V. Sreekumar has highlighted the need to develop high-quality fonts for India’s diverse languages and scripts. The Typo Day-2026 international typography conference, being held in Kerala for the first time, began at Jain University, Kochi. The conference is jointly organised by Jain University School of Design, Media and Creative Arts and IIT Bombay IDC School of Design….
