തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കുറവ് 25 ശതമാനമായി ഉയർന്നു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഇതുവരെ ലഭിക്കേണ്ട 1837.1 മില്ലിമീറ്റർ മഴയ്ക്ക് പകരം 1372.4 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. വയനാട്ടിലും ഇടുക്കിയിലുമാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായത്.
വയനാട്ടിൽ 52 ശതമാനവും ഇടുക്കിയിൽ 46 ശതമാനവുമാണ് മഴക്കുറവ്. അതേസമയം, സംസ്ഥാനത്ത് പകൽ ചൂട് ശക്തമാകുന്നതിനൊപ്പം രാത്രികാല താപനിലയും ഉയരുകയാണ്.
കാലവർഷക്കുറവിനൊപ്പം രാത്രിയിലും ചൂട്
രാത്രിയിലെ താപനിലയിൽ 1.8 ഡിഗ്രി സെൽഷ്യസ് വരെ വർധന രേഖപ്പെടുത്തി. ഇന്നലെ കൊച്ചിയിലും കോഴിക്കോടും കുറഞ്ഞ താപനില 26 ഡിഗ്രിയും തിരുവനന്തപുരത്ത് 25 ഡിഗ്രിയുമായിരുന്നു.
അതിനിടെ, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. മഴ ലഭിച്ചില്ലെങ്കിലും ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ മേഘങ്ങൾ രൂപപ്പെട്ടെത്തുന്നത് ചൂട് കുറയ്ക്കാൻ സഹായിച്ചേക്കും.
കാലവർഷക്കുറവിന് പിന്നാലെ തുലാവർഷ പ്രതീക്ഷ
തെക്കുപടിഞ്ഞാറൻ കാലവർഷം സെപ്റ്റംബറിൽ അവസാനിക്കുന്നതിന് പിന്നാലെ തുലാവർഷത്തിനും കേരളം കാത്തിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ പകുതിയോടെ തുലാവർഷം എത്തിയേക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ എൽനിനോയുടെ സ്വാധീനം ഇത്തവണ തുലാവർഷത്തെയും ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു. പ്രതീക്ഷിക്കുന്ന തോതിൽ മഴ ലഭിക്കുമോ എന്നതിലും വ്യക്തതയില്ല.
മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്നുമുതൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത മൂന്ന് ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സെപ്റ്റംബറിൽ കാലവർഷക്കാലയളവിൽ പൊതുവെ മഴ കുറവായിരിക്കും. ഇത്തവണ ഈ മാസവും സാധാരണയേക്കാൾ കുറഞ്ഞ മഴ മാത്രമേ പ്രതീക്ഷിക്കാനാകൂവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തിരുവനന്തപുരം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു.
English Summary:
Kerala’s southwest monsoon rainfall deficit has increased to 25%. Against the expected 1,837.1 mm, the state has received only 1,372.4 mm so far. Wayanad has recorded the highest deficit at 52%, followed by Idukki at 46%.
Daytime temperatures remain high, while night temperatures have also increased by up to 1.8°C. A cyclonic circulation over the Bay of Bengal is expected to develop into a low-pressure area, which may bring clouds and provide some relief from the heat.
