തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളിലും തുടരുമെന്ന് സർക്കാർ. വൈദ്യുതി മുടക്കം മൂലം ജനങ്ങൾ നേരിടുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കെ.എസ്.ഇ.ബിക്ക് മുന്നിലില്ല. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി സണ്ണി ജോസഫ് വിളിച്ചുചേർത്ത ഉന്നതതലയോഗം തീരുമാനിച്ചു.
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നതിന് പകരം ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. അപ്രതീക്ഷിത പവർകട്ട് പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി.
വൈദ്യുതി പ്രതിസന്ധിക്ക് കാരണം രാജ്യത്തെ ക്ഷാമം
രാജ്യത്താകെ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ടെന്നും ഉയർന്ന വില നൽകിയാലും ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഒരു യൂണിറ്റിന് 16 രൂപ വരെ ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളത്.
പുതിയ ദീർഘകാല വൈദ്യുതി കരാറുകൾക്ക് ആരും മുന്നോട്ടുവരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾ നേരിടുന്ന പ്രയാസത്തിൽ ഖേദമുണ്ടെന്നും പ്രശ്നപരിഹാരത്തിന് അത്ഭുതകരമായ മാർഗമൊന്നും മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യസാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് വർധിച്ചതും വൈദ്യുതി ആവശ്യകത ഉയരാൻ കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നിരവധി പദ്ധതികൾ
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കുന്നതിനായി സുപ്രീംകോടതിയിലെ നിയമപോരാട്ടം തുടരും. കൂടാതെ, ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികളുടെ നിർമാണം ഉടൻ പൂർത്തിയാക്കും.
ബ്രഹ്മപുരത്തെ ബാറ്ററി എനർജി സ്റ്റോറേജ് (BES) പദ്ധതിയുടെ നിർമാണോദ്ഘാടനവും ഉടൻ നടത്തും. എൻ.ടി.പി.സിയുമായി ചർച്ച നടത്തി കൂടുതൽ വൈദ്യുതി ലഭ്യമാക്കാനും സർക്കാർ ശ്രമിക്കും.
ആഭ്യന്തര വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം ഫ്ലോട്ടിംഗ് സോളാർ പദ്ധതികൾ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ പദ്ധതികളും വ്യാപിപ്പിക്കും.
സോളാറിനും കാറ്റാടിക്കും പ്രാധാന്യം
സോളാർ, കാറ്റാടി, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും. നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇടുക്കി രണ്ടാംഘട്ട പദ്ധതിയും സജീവ പരിഗണനയിലാണ്. അതേസമയം, ഭൂതത്താൻകെട്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്താനും തീരുമാനിച്ചു.
15നകം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഈ മാസം 15നകം പരിഹരിക്കുമെന്നും തോന്നുംപോലെയുള്ള പവർകട്ട് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഇതിനുള്ള നിർദ്ദേശം കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം എൽ.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
English Summary:
Kerala’s electricity crisis is expected to continue in the coming days, with the KSEB having no immediate solution to the shortage. Power interruptions will now be announced in advance instead of occurring without warning.
Minister Sunny Joseph said electricity is scarce across the country, with prices reportedly reaching up to ₹16 per unit. The government plans to pursue long-term power contracts, expand battery storage, solar and wind projects, speed up hydropower projects and seek additional power from NTPC.
