facebook

കോട്ടയം മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ സൂചി; അന്വേഷണം

2 Min Read

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.

കോഴിക്കോട് ചാത്തമംഗലം നടൂലയിൽ വിനീഷിന്റെയും ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തിയത്. കുട്ടിക്ക് ഇപ്പോൾ ഒരു വയസും രണ്ട് മാസവുമാണ് പ്രായം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ

2025 ജൂൺ 24നാണ് അഞ്ജു കുഞ്ഞിന് ജന്മം നൽകിയത്. പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടർന്ന് ജനിച്ച് രണ്ടാം ദിവസം അദ്വികയെ കോട്ടയം മെഡിക്കൽ കോളേജിലെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

തുടർന്ന് കുഞ്ഞിന്റെ ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയിൽപ്പെട്ടതായി മാതാപിതാക്കൾ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കാണിച്ചതിനെ തുടർന്ന് സ്കാനിംഗിന് നിർദേശിച്ചെങ്കിലും പരിശോധനാഫലം സാധാരണ നിലയിലാണെന്ന് അറിയിക്കുകയായിരുന്നു.

എന്നാൽ തടിപ്പുള്ള ഭാഗത്തല്ല സ്കാനിംഗ് നടത്തിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. പിന്നീട് കുട്ടിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി.

വേദനയും തടിപ്പും തുടർന്നതായി മാതാപിതാക്കൾ

വീട്ടിലെത്തിയ ശേഷവും കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതായി മാതാപിതാക്കൾ പറയുന്നു. ചില സമയങ്ങളിൽ വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെട്ടതായും അവർ ആരോപിക്കുന്നു.

ജൂലൈയിൽ വയറുവേദന ശക്തമായതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തി. തുടർന്ന് നടത്തിയ രണ്ട് ശസ്ത്രക്രിയകളിലൂടെയാണ് ശരീരത്തിൽ ഉണ്ടായിരുന്ന സൂചി പുറത്തെടുത്തത്.

ചികിത്സാ പിഴവെന്ന് ആരോപണം

സൂചി കണ്ടെത്തിയതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയത്.

ഒരു മാസം മുൻപ് ഗാന്ധിനഗർ പൊലീസിലും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം.

ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം

സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്താനാണ് തീരുമാനം. കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പരിശോധനകളും ഉൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകുക.

English Summary:
An investigation has been ordered at Kottayam Medical College Hospital after a needle was reportedly found inside the body of a one-year-old child born there. The child, Advika, was later treated at Kozhikode Medical College, where two surgeries were performed to remove the needle. The parents have alleged medical negligence and said they had earlier submitted complaints to the police and Health Minister.

Share This Article