കോലഞ്ചേരി: ബംഗാൾ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിത്തുടങ്ങുന്നത് കേരളത്തിലെ തൊഴിൽ മേഖലയിൽ വീണ്ടും ആശങ്ക ഉയർത്തുന്നു. പശ്ചിമബംഗാളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഇതര സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം കുറയ്ക്കാനുള്ള സർക്കാർ നീക്കം ശക്തമാക്കിയതിനിടെയാണ് പുതിയ സാഹചര്യം.
ബംഗാളിൽ മെച്ചപ്പെട്ട വേതനത്തോടെയുള്ള തൊഴിൽ ലഭ്യമാക്കുന്നതിനൊപ്പം തൊഴിലാളികളെയും കുടുംബങ്ങളെയും നാട്ടിൽ തന്നെ നിലനിർത്താനുള്ള നടപടികളാണ് പശ്ചിമബംഗാൾ സർക്കാർ ആരംഭിച്ചിരിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാൻ നിർദേശമെന്ന് സന്ദേശങ്ങൾ
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളോട് സ്വദേശത്തേക്ക് മടങ്ങാൻ നിർദേശിച്ചതായി അവകാശപ്പെടുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
അതേസമയം, ഇത്തരം സന്ദേശങ്ങളുടെ ആധികാരികത സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമാണ്. എന്നാൽ കേരളത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളിൽ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ലഭിക്കുന്ന വിവരം.
തൊഴിലാളിക്ഷാമം വീണ്ടും രൂക്ഷമാകുമോ?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയ ബംഗാൾ സ്വദേശികൾ തിരിച്ചെത്താൻ വൈകിയിരുന്നു. ഇതോടെ ജില്ലയിലടക്കം വിവിധ മേഖലകളിൽ രൂക്ഷമായ തൊഴിലാളിക്ഷാമം നേരിട്ടിരുന്നു.
തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ നിർമ്മാണ മേഖലയിലടക്കം കൂലി കുത്തനെ ഉയർന്നു. ചിലയിടങ്ങളിൽ സാധാരണ നിരക്കിന്റെ ഇരട്ടിയോളം കൂലി ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു.
തൊഴിലാളികളെ ലഭിക്കാത്തതിനെ തുടർന്ന് നിർമാണപ്രവർത്തനങ്ങൾ വൈകുകയും ചില സ്ഥലങ്ങളിൽ തൊഴിലാളികളും കരാറുകാരും തമ്മിൽ തർക്കങ്ങളുണ്ടാകുകയും ചെയ്തു.
പിന്നീട് തൊഴിലാളികൾ ഘട്ടംഘട്ടമായി തിരിച്ചെത്തിയതോടെയാണ് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് നീങ്ങിയത്.
ബംഗാൾ സർക്കാർ തൊഴിൽ ഉറപ്പാക്കുന്നു
ഇതിനിടെയാണ് പശ്ചിമബംഗാൾ സർക്കാർ സംസ്ഥാനത്ത് തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി തൊഴിലാളികളെ നാട്ടിൽ തന്നെ നിലനിർത്താനുള്ള വിവിധ പദ്ധതികൾ സജീവമാക്കുകയാണ്.
തൊഴിലുറപ്പ് കാർഡുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ ഉപയോഗപ്പെടുത്തി കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
നിർമ്മാണ മേഖലയിൽ കൂടുതൽ പ്രതിസന്ധി
ബംഗാൾ തൊഴിലാളികളുടെ മടക്കം ജില്ലയിലെ നിർമ്മാണ മേഖലയെയാണ് കൂടുതൽ ബാധിക്കാൻ സാധ്യത. വീടുകൾ, ഫ്ലാറ്റുകൾ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിൽ ബംഗാൾ സ്വദേശികൾ ഉൾപ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം വ്യാപകമാണ്.
തൊഴിലാളികളുടെ എണ്ണം കുറഞ്ഞാൽ നിർമാണപ്രവർത്തനങ്ങളുടെ വേഗം കുറയാനും കൂലി നിരക്ക് ഉയരാനും സാധ്യതയുണ്ടെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ.
ഹോട്ടൽ മുതൽ ചെറുകിട വ്യവസായങ്ങൾ വരെ
നിർമാണ മേഖലയ്ക്ക് പുറമെ ഹോട്ടൽ, കാറ്ററിംഗ്, വ്യാപാര സ്ഥാപനങ്ങൾ, റോഡ് നിർമാണം, വിവിധ ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളും ഇതരസംസ്ഥാന തൊഴിലാളികളെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്.
തൊഴിലാളികളുടെ ലഭ്യത കുറയുന്നത് ഈ മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് തൊഴിലുടമകളുടെ വിലയിരുത്തൽ.
തൊഴിലാളികളുടെ ലഭ്യത നിർണായകം
പശ്ചിമബംഗാൾ സർക്കാർ തൊഴിലാളികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതികൾ ശക്തമാക്കുമ്പോൾ, വർഷങ്ങളായി ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന കേരളത്തിലെ മേഖലകൾക്ക് പുതിയ സാഹചര്യം വെല്ലുവിളിയാകും.
പ്രത്യേകിച്ച് നിർമാണ മേഖലയിലെ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കൂലി നിരക്ക് നിയന്ത്രിക്കുന്നതും തൊഴിലുടമകൾക്ക് പ്രധാന വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
English Summary:
The possible return of migrant workers from West Bengal is raising concerns in Kerala’s labour market, particularly in the construction sector. The West Bengal government is reportedly strengthening initiatives to provide employment and retain workers in the state. Employers in Kerala fear that a decline in migrant labour availability could slow construction activities and increase wages, while sectors such as hotels, catering, road construction and small industries may also be affected.
