മംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം വിവാദം ശക്തമാകുന്നതിനിടെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി. മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ.
വന്ദേമാതരത്തെ അപമാനിച്ചുവെന്നാണ് പരാതിയിലെ ആരോപണം. അതേസമയം, എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകിയതായാണ് വിവരം.
വന്ദേമാതരം വിവാദം; സോണിയക്കെതിരെ പരാതി
വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വികാസ് പുറ്റൂർ പരാതി നൽകിയത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അതേസമയം, വിഷയത്തിൽ ബിജെപിക്കുള്ളിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടിക്കുള്ള ആലോചന ശക്തമാകുന്നതായും റിപ്പോർട്ടുണ്ട്.
സേവാദൾ നേതൃത്വം വിശദീകരണം നൽകി
എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. സംഭവത്തിൽ സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയും ഹൈക്കമാൻഡിന് കാര്യങ്ങൾ വിശദീകരിച്ചു.
ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് നേതൃത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.
പൂർണമായി ആലപിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയെന്ന് ആരോപണം
സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് ആദ്യമായി വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദത്തിന് കാരണമായത്. ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ഗായകസംഘം ആലാപനം തുടരുകയായിരുന്നു.
ആലാപനം തുടരുന്നതിനിടെ കോൺഗ്രസ് നേതാക്കൾ അസ്വസ്ഥത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും ഇടപെടാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
വിഎച്ച്പിയും രംഗത്ത്
വന്ദേമാതരം വിവാദത്തിൽ വിശ്വഹിന്ദു പരിഷത്തും അതൃപ്തി പരസ്യമാക്കി. സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടായെന്ന് വിഎച്ച്പി വക്താവ് സുരേന്ദ്ര ജയിൻ ആരോപിച്ചു.
വന്ദേമാതരം പൂർണമായി ആലപിച്ച് തീരുന്നതുവരെ സോണിയ ഗാന്ധിക്ക് കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമനടപടിക്ക് ബിജെപിയിൽ ആലോചന
അതേസമയം, വന്ദേമാതരം ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപിയിൽ ആലോചന ശക്തമാണ്.
മംഗളൂരുവിൽ ലഭിച്ച പൊലീസ് പരാതിക്ക് പിന്നാലെ വിഷയം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
