എറണാകുളം: അങ്കമാലിയിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർഥികൾക്കെതിരെ എംവിഡി നടപടി. തുറന്ന ലോറിയിൽ അപകടകരമായി നൃത്തം ചെയ്ത സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ലോറി ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.
എംവിഡി നടപടി; രണ്ട് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ്
അങ്കമാലിയിൽ തുറന്ന ലോറിയിൽ വിദ്യാർഥികൾ അപകടകരമായ രീതിയിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. ലോറി ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
വിദ്യാർഥികളുടെ സുരക്ഷയ്ക്കും റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള ഇത്തരം പ്രകടനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കുകയാണ് എംവിഡി.
നാല് കോളേജുകളിലെ വിദ്യാർഥികൾക്കെതിരെ നടപടി
പരാതികൾ വ്യാപകമായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് കോളേജുകളിലെ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം, സമാനമായ നിയമലംഘനം കണ്ടെത്തിയ ആലുവയിലും എംവിഡി കേസെടുത്തിട്ടുണ്ട്. ഓണാഘോഷ പരിപാടികളുടെ ഭാഗമായി അപകടകരമായ റോഡ് ഷോകൾ നടന്നിട്ടുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
മൂവാറ്റുപുഴയിലെ ദൃശ്യങ്ങളും പരിശോധിക്കുന്നു
മൂവാറ്റുപുഴയിലെ ഒരു കോളേജുമായി ബന്ധപ്പെട്ട റോഡ് ഷോയുടെ ദൃശ്യങ്ങളും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചുവരികയാണ്.
കൂടാതെ, പരിശോധനയിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കൂടുതൽ വിദ്യാർഥികൾക്കും വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.
മോഡിഫൈഡ് വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളിലും പരിശോധന
ഓണാഘോഷത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾ നടത്തുന്ന റോഡ് ഷോകൾക്ക് പുറമെ മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും അധികൃതരുടെ ശ്രദ്ധയിലാണ്.
ഇത്തരം സംഭവങ്ങളിൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
