മലയാള ചലച്ചിത്ര ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നു. സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന് മോഹൻലാൽ എന്ന നടന്റെ അഭിനയജീവിതത്തിന്റെ വഴിത്തിരിവായി മാറിയ ഈ ചിത്രം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് റീറിലീസിന് ഒരുങ്ങുന്നത്.
1989-ൽ തിയേറ്ററുകളിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രം പുതിയ കാലത്തിന്റെ പ്രേക്ഷകർക്കായി ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തിലും 4കെ ദൃശ്യഭംഗിയിലുമാണ് തയാറാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന്റെ തലേന്ന് തന്നെ ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരുന്നു.
ആദ്യം പുറത്തുവിട്ട പോസ്റ്ററിൽ ചിത്രം ജൂൺ മാസത്തിൽ തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടുപോവുകയായിരുന്നു. ഇപ്പോൾ സിബി മലയിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റർ പ്രകാരം ചിത്രം ജൂലൈ മാസത്തിൽ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
എന്നാൽ ചിത്രത്തിന്റെ കൃത്യമായ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേഷ് പണിക്കരും ചേർന്ന് നിർമ്മിച്ച ഈ ചിത്രം പ്രേക്ഷകർക്ക് ഇന്നും ഒരു വലിയ നൊമ്പരമാണ്.
മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രവും തിലകൻ അനശ്വരമാക്കിയ അച്യുതൻ നായർ എന്ന പോലീസുകാരനും തമ്മിലുള്ള ഓൺസ്ക്രീൻ കെമിസ്ട്രി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച വൈകാരിക മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.
ഒരു സാധാരണ കുടുംബത്തിന്റെ സ്വപ്നങ്ങളെല്ലാം തകർത്ത്, ഒരു നല്ല ചെറുപ്പക്കാരനെ സാഹചര്യങ്ങൾ കാരണം കുറ്റവാളിയാക്കി മാറ്റുന്ന കഥ ലോഹിതദാസിന്റെ തൂലികയിൽ നിന്നും സിബി മലയിലിന്റെ ദൃശ്യാവിഷ്കാരത്തിലൂടെയുമാണ് അനശ്വരമായത്.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ അച്ഛൻ കഥാപാത്രം മകനോട് പറയുന്ന ‘കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്’ എന്ന ഡയലോഗും ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും ഇന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുന്നു.
ഈ ചിത്രം വീണ്ടും വലിയ സ്ക്രീനിൽ എത്തുമ്പോൾ മലയാളികൾക്ക് സന്തോഷത്തോടൊപ്പം വലിയൊരു നോവും സമ്മാനിക്കും. ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുകയും എന്നാൽ ഇന്ന് നമ്മോടൊപ്പമില്ലാത്തവരുമായ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മോഹൻരാജ്, കുണ്ടറ ജോണി, കനകലത തുടങ്ങിയ വലിയൊരു താരനിരയെ ഒരിക്കൽക്കൂടി തിയേറ്ററിൽ കാണാനുള്ള അവസരമാണിത്.
ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, എസ്. കുമാർ തുടങ്ങിയവരുടെ മികച്ച പ്രയത്നങ്ങളടങ്ങിയ ഈ ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്.
English Summary
The Malayalam classic ‘Kireedam’ (1989), directed by Sibi Malayil and written by Lohithadas, is set for a theatrical re-release in July. The Mohanlal-starrer has been remastered in 4K with Dolby Atmos sound. While originally planned for June, a new poster confirms the revised July release date.
