ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച കേസ്; സൗദിയിൽ മലയാളി നഴ്സിനും ഈജിപ്ഷ്യൻ ഡോക്ടർക്കും വൻ തുക പിഴ

3 Min Read

സൗദി അറേബ്യയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരണപ്പെട്ട കേസിൽ ഈജിപ്ഷ്യൻ ഡോക്ടർക്കും മലയാളി നഴ്സിനും മൂന്ന് ലക്ഷം റിയാൽ നഷ്ടപരിഹാരം ചുമത്തി കോടതി ഉത്തരവിട്ടു. ഇന്ത്യൻ രൂപയിൽ ഏകദേശം 66 ലക്ഷത്തിലധികം വരുന്ന തുകയാണ് ഇരുവരും ചേർന്ന് മരിച്ചയാളുടെ ആശ്രിതർക്ക് നൽകേണ്ടത്.

കടുത്ത ശാരീരിക വേദനയെത്തുടർന്ന് ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഈജിപ്ഷ്യൻ സ്വദേശി മരിച്ച സംഭവത്തിലാണ് റിയാദ് അപ്പീൽ കോടതി വിധി പ്രസ്താവിച്ചത്. രോഗിയുടെ മരണത്തിന് കാരണമായ അനാസ്ഥയിൽ ഡോക്ടർക്ക് 80 ശതമാനവും മലയാളി നഴ്സിന് 20 ശതമാനവും ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വയനാട് മാനന്തവാടി സ്വദേശിനിയായ നഴ്സ് 60,000 റിയാലും അതിന് പുറമേ കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കാനാണ് വിധിയിൽ പറയുന്നത്. ചികിത്സയ്ക്ക് പ്രധാന നിർദ്ദേശം നൽകിയ ഡോക്ടർ 2,40,000 റിയാലാണ് നൽകേണ്ടത്. രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും കുത്തിവയ്ക്കാൻ ഡോക്ടർ നഴ്സിന് നിർദ്ദേശം നൽകുകയായിരുന്നു.

എന്നാൽ രോഗിയുടെ മുൻകാല മെഡിക്കൽ ചരിത്രമോ അലർജിയോ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ല. മരുന്ന് നൽകുന്നതിന് മുൻപ് കൃത്യമായ പരിശോധന നടത്തുന്നതിൽ നഴ്സിങ് സ്റ്റാഫും പരാജയപ്പെട്ടു. രോഗിക്ക് അലർജിയുണ്ടെന്ന കാര്യം മെഡിക്കൽ റെക്കോർഡിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇരുവരും അത് ശ്രദ്ധിക്കാതെ പോയതാണ് ദുരന്തത്തിന് കാരണമായത്.

കുത്തിവയ്പ്പിന് പിന്നാലെ കടുത്ത അലർജി അനുഭവപ്പെട്ട രോഗിയുടെ നില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ആരോഗ്യ പ്രൊഫഷണൽ പ്രാക്ടീസ് നിയമത്തിലെ ആർട്ടിക്കിൾ 26, 27, 30 എന്നിവയുടെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് മൂന്ന് വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ കമ്മിറ്റി കോടതിയെ അറിയിച്ചു.

കേസിന്റെ വിചാരണാ വേളകളിൽ മലയാളി നഴ്സോ അവരുടെ നിയമപ്രതിനിധിയോ കോടതിയിൽ ഹാജരായിരുന്നില്ല. വിചാരണാ തീയതികൾ അറിയിച്ചിട്ടും കോടതി സ്വീകരിക്കുന്ന തരത്തിലുള്ള യാതൊരു വിശദീകരണവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

തന്റെ മൊബൈലിലേക്ക് അറബിക്കിൽ വന്ന ഔദ്യോഗിക സന്ദേശങ്ങൾ ശ്രദ്ധിക്കാതിരുന്നതാണ് നഴ്സിന് വിനയായത്. കഴിഞ്ഞ ദിവസങ്ങളിൽ കോടതി യാത്രാവിലക്ക് ഏർപ്പെടുത്തുകയും, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് തുക പിടിച്ചെടുക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഇവർ തിരിച്ചറിയുന്നത്.

തുടർന്നുള്ള അന്വേഷണത്തിലാണ് 2023ൽ തന്നെ കേസിൽ വിധി വന്നിരുന്നു എന്ന കാര്യം ഇവർ അറിയുന്നത്. നിയമനടപടികളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതിരുന്നതിനാൽ വർഷങ്ങളായി കേസിന്റെ പുരോഗതി അറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് നഴ്സ് പറയുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ഈ നഴ്സിന് ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക അസാധ്യമാണ്.

ഈ സാഹചര്യത്തിൽ നഴ്സിനെ സഹായിക്കാനായി സുഹൃത്തുക്കളും പ്രവാസി കൂട്ടായ്മയായ ‘അൽ അഹ്‌സ നഴ്സസ് അസോസിയേഷനും’ രംഗത്തുവന്നിട്ടുണ്ട്. ആവശ്യമായ നിയമസഹായവും സാമ്പത്തിക പിന്തുണയും നൽകാനുള്ള ശ്രമങ്ങളിലാണ് ഇവർ.

സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്നും മൊബൈലിലേക്ക് വരുന്ന അറബിക്കിലുള്ള സന്ദേശങ്ങൾ പ്രവാസികൾ അവഗണിക്കരുതെന്ന് ദമാമിലെ സാമൂഹ്യ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. നിയമപരമായ അറിയിപ്പുകൾ കൃത്യസമയത്ത് മനസ്സിലാക്കാതിരിക്കുന്നത് വലിയ പ്രതിസന്ധികൾക്ക് കാരണമായേക്കാം എന്നതിന്റെ തെളിവാണ് ഈ സംഭവം.

English Summary

A Saudi court ordered an Egyptian doctor and a Malayali nurse to pay 300,000 Riyals for medical negligence that caused a patient’s death. The nurse from Wayanad faces a 60,000 Riyal penalty. She learned about the 2023 verdict only after her account was frozen, due to ignoring Arabic SMS notifications.

Share This Article