തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. തിരക്കേറിയ രാവിലെയും വൈകിട്ടുമുള്ള സമയങ്ങളിൽ പുരുഷ യാത്രക്കാർക്ക് ബസിൽ കയറാനും സീറ്റ് ലഭിക്കാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് പല റൂട്ടുകളിലും രൂപപ്പെട്ടിരിക്കുന്നത്.
ബസ് ഓർഡിനറി സർവീസാണോ എന്ന് ഉറപ്പാക്കാൻ പ്രിയദർശിനി സൗജന്യ യാത്രാ സ്റ്റിക്കർ പരിശോധിച്ച ശേഷമാണ് ഭൂരിഭാഗം സ്ത്രീകളും ബസുകളിൽ കയറുന്നതെന്നാണ് യാത്രക്കാരുടെ അനുഭവം. ഇതോടെ ചില സർവീസുകൾ ‘ലേഡീസ് ഒൺലി’ ബസുകളെ അനുസ്മരിപ്പിക്കുന്ന അവസ്ഥയിലാണെന്നാണ് വിലയിരുത്തൽ.
പദ്ധതി നടപ്പിലാക്കിയ തിങ്കളാഴ്ച രാവിലെ 9.30ന് ശേഷമുള്ള കണക്കുകൾ പ്രകാരം 7.14 ലക്ഷം സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടെ സീറോ ടിക്കറ്റെടുത്ത് യാത്ര ചെയ്തു. മുൻ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 1.42 ലക്ഷത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
ഗതാഗത മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഏകദേശം 2.10 കോടി രൂപയുടെ സൗജന്യ യാത്രയാണ് ആദ്യദിവസം നടന്നത്. പ്രതിദിനം ശരാശരി രണ്ട് കോടി രൂപയുടെ സൗജന്യ യാത്രയുണ്ടാകുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി ഗതാഗത വകുപ്പിന് നൽകിയിരുന്നത്.
പ്രവൃത്തി ദിവസങ്ങളിൽ ശരാശരി 20 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്. പദ്ധതി ആരംഭിച്ച ആദ്യ ദിവസം രാവിലെ 9.30ന് മുമ്പ് സൗജന്യ യാത്ര ലഭ്യമായിരുന്നില്ല. കൗതുകത്തിന്റെ ഭാഗമായും നിരവധി പേർ പദ്ധതി ഉപയോഗിച്ചതായാണ് വിലയിരുത്തൽ. സ്വകാര്യ ബസുകളിലെ സ്ഥിരം യാത്രക്കാരിൽ ചിലർ പോലും കാത്തുനിന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.
സൗജന്യ യാത്രയുടെ പ്രയോജനം തേടി കൂടുതൽ പേർ എത്തുന്നതോടെ വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
English Summary:
The introduction of the Priyadarshini free travel scheme has led to a sharp increase in women passengers on KSRTC ordinary buses. Many routes are witnessing heavy rush, making it difficult for male passengers to board buses or find seats during peak hours. More than 7.14 lakh women and transgender passengers used zero tickets on the first day, with the value of free travel estimated at ₹2.10 crore.
