ന്യൂഡൽഹി: ഇന്ത്യൻ വാഹന മേഖലയെ പുതിയ സാങ്കേതിക യുഗത്തിലേക്ക് നയിക്കുന്ന നിർണായക തീരുമാനങ്ങളുമായി കേന്ദ്ര സർക്കാർ. സ്വയം ഓടുന്ന വാഹനങ്ങൾ, അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ, വാഹനങ്ങൾ തമ്മിൽ തത്സമയ ആശയവിനിമയം സാധ്യമാക്കുന്ന സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവയുടെ വ്യാപനത്തിന് വഴിയൊരുക്കുന്ന നടപടികൾക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 5.9 ജിഗാഹെർട്സും 77 മുതൽ 81 ജിഗാഹെർട്സ് വരെയുള്ള ഫ്രീക്വൻസി ബാൻഡുകളും പരമ്പരാഗത ലൈസൻസിങ് വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കി. പുതിയ വിജ്ഞാപനപ്രകാരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓൺ-ബോർഡ് യൂണിറ്റുകൾക്കും ഷോർട്ട് റേഞ്ച് ഓട്ടോമോട്ടീവ് റഡാർ സംവിധാനങ്ങൾക്കും ഇനി പ്രത്യേക വയർലെസ് ടെലിഗ്രാഫി ലൈസൻസ് ആവശ്യമില്ല. എന്നാൽ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക മാനദണ്ഡങ്ങളും വികിരണ പരിധികളും കർശനമായി പാലിക്കേണ്ടതുണ്ട്.
ഈ നീക്കത്തോടെ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഇന്ത്യൻ വാഹനങ്ങളിലും കൂടുതൽ എളുപ്പത്തിൽ ഉൾപ്പെടുത്താൻ നിർമാതാക്കൾക്ക് സാധിക്കും. അപകട സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്ന റഡാർ സംവിധാനങ്ങൾ, ഡ്രൈവർ സഹായ സാങ്കേതികവിദ്യകൾ, വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയ സംവിധാനങ്ങൾ എന്നിവ കൂടുതൽ വ്യാപകമാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ ഇത്തരം സാങ്കേതികവിദ്യകളുടെ പരീക്ഷണങ്ങൾക്കുപോലും സങ്കീർണമായ ലൈസൻസിങ് നടപടികൾ വെല്ലുവിളിയായിരുന്നു. പുതിയ തീരുമാനം ഈ തടസ്സങ്ങൾ ഗണ്യമായി കുറയ്ക്കുകയും വാഹന വ്യവസായത്തിന് പുതിയ വളർച്ചാ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യും.
അതേസമയം, വാഹനങ്ങൾ, റോഡരികിലെ സംവിധാനങ്ങൾ, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ‘വെഹിക്കിൾ ടു എവരിതിങ്’ (V2X) സാങ്കേതികവിദ്യയ്ക്കുള്ള സമഗ്ര ചട്ടക്കൂട് രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. റോഡ് അപകടങ്ങൾ കുറയ്ക്കുക, ഗതാഗതക്കുരുക്ക് നിയന്ത്രിക്കുക, കൂടുതൽ കാര്യക്ഷമമായ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സെല്ലുലാർ വെഹിക്കിൾ ടു എവരിതിങ് (C-V2X) സാങ്കേതികവിദ്യയെ ദേശീയ നിലവാരമായി അംഗീകരിക്കാനും അതിന്റെ ഭാഗമായ സേവനങ്ങൾക്ക് ലേല നടപടികളില്ലാതെ നേരിട്ട് സ്പെക്ട്രം അനുവദിക്കാനുമുള്ള നിർദേശങ്ങളും പരിഗണനയിലുണ്ട്. ഇത് നടപ്പായാൽ രാജ്യത്തിന്റെ സ്മാർട്ട് മൊബിലിറ്റി പദ്ധതികൾക്ക് കൂടുതൽ വേഗം കൈവരുമെന്നാണ് വിലയിരുത്തൽ.
English Summary:
The Central Government has taken a major step toward introducing advanced mobility technologies in India. By exempting certain frequency bands from traditional licensing requirements, technologies such as self-driving vehicles, automotive radar systems, driver assistance features, and Vehicle-to-Everything (V2X) communication can be adopted more easily. The move is expected to improve road safety, reduce traffic congestion, and accelerate the development of intelligent transportation systems.
