വെള്ളറട: ഗ്രാമീണ മേഖലകളിൽ മരച്ചീനി കൃഷി വ്യാപകമായി ഉപേക്ഷിച്ച് കർഷകർ. ഉൽപാദിപ്പിക്കുന്ന കിഴങ്ങ് ഏറ്റെടുക്കാൻ ആവശ്യത്തിന് വിപണി ലഭിക്കാത്തതും വിലയിടിവും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരേക്കർ കൃഷിക്കായി ലക്ഷത്തോളം രൂപ ചെലവഴിക്കുന്നവർക്ക് പോലും ചെലവിന്റെ പകുതി വിലയ്ക്ക് മരച്ചീനി വിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
വിളവെടുപ്പിന് ശേഷം ഒരു മാസം വരെ മരച്ചീനി പിഴുതെടുക്കാൻ സമയം ലഭിക്കുന്നതിനാൽ വലിയ നഷ്ടം ഒഴിവാക്കി ഒരുവിധം പിടിച്ചുനിൽക്കുകയാണ് കർഷകർ. എന്നാൽ വിപണി തകർന്നതോടെ വരും വർഷങ്ങളിൽ കൃഷി തുടരുന്നതിൽ പലരും ആശങ്കയിലാണ്.
കിഴങ്ങുവിള ഗവേഷണ കേന്ദ്രങ്ങൾ വിവിധ ഇനങ്ങളിലുള്ള മരച്ചീനി കൃഷിക്ക് പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും വിപണന മേഖലയിലെ പ്രതിസന്ധി കർഷകരെ പിന്നോട്ടടിക്കുകയാണ്. കലിയൻ, വെള്ളപ്പിരിയൻ, സുന്ദരി വെള്ള, കാലൻ, ചിത്തിരക്കാലി, ചുണ്ട് ചുവപ്പൻ, മാംകുഴന്തൻ, കരിയിലമുട്ടൻ, നൂറുമുട്ടൻ, കാച്ചിൽമുട്ടൻ, മഞ്ഞകാച്ചിലി മുട്ടൻ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
മരച്ചീനി ചിപ്സ്, ബേബി ഫുഡ്, നൂഡിൽസ്, ബ്രഡ്, പപ്പടം തുടങ്ങിയ ഉൽപന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ കുറവായതും തിരിച്ചടിയായതായി കർഷകർ പറയുന്നു. കൃഷിയെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക ആനുകൂല്യങ്ങളും വിപണന സംവിധാനങ്ങളും ഒരുക്കി മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.
English Summary:
Farmers in rural areas are increasingly abandoning tapioca cultivation due to poor market demand and falling prices. Despite spending around ₹1 lakh per acre, many are forced to sell their produce at nearly half the cost. Farmers say the lack of demand for value-added products such as chips, baby food, noodles, bread, and papad has worsened the crisis. They are seeking government support and incentives to revive tapioca farming.
