കൊച്ചി: ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യാന്തര പ്രദർശന മത്സരത്തിന് കൊച്ചി വേദിയാകുന്നു. 2002 ലോകകപ്പ് ജേതാക്കളായ ബ്രസീൽ ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും തമ്മിലുള്ള മത്സരം സെപ്റ്റംബർ 20ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും.
മത്സരത്തിന്റെ ടിക്കറ്റ് ലോഞ്ചിങ് ചടങ്ങ് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.
റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നിവരാണ് മത്സരത്തിന്റെ പ്രധാന ആകർഷണം. എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോൾകീപ്പർ ഗോമസ്, അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാരാ, ഡിയോഗോ എന്നിവരും ബ്രസീൽ ലെജൻഡ്സ് ടീമിലുണ്ടാകും.
ഐ.എം. വിജയൻ, സി.കെ. വിനീത്, ജോ പോൾ അഞ്ചേരി, കെ.ടി. ചാക്കോ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ മുൻ താരങ്ങളാണ് ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമിനായി കളത്തിലിറങ്ങുക.
ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ബ്രസീൽ മുൻ താരങ്ങളുടെ അന്താരാഷ്ട്ര ടൂറിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ അഞ്ച് നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി നടക്കുന്ന മത്സരപരമ്പരയിലെ രണ്ടാം മത്സരത്തിനാണ് കൊച്ചി ആതിഥേയത്വം വഹിക്കുന്നത്. ചെന്നൈയിൽ നടന്ന ആദ്യ മത്സരം വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.
ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ ടി.കെ. അഷ്റഫ്, ഗാമൻ വേൾഡ് സ്പോർട്സ് സി.ഇ.ഒ എ. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
English Summary
Kochi will host an international exhibition football match between Brazil Legends and Indian All Stars on September 20 at the Jawaharlal Nehru Stadium. Football legends including Ronaldinho and Rivaldo are expected to feature for Brazil, while former Indian stars such as I.M. Vijayan and C.K. Vineeth will represent the Indian All Stars. The match is part of a five-city international tour.
