facebook

2 ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് യുവാവിന്റെ താണ്ഡവം! അമ്മയും സഹോദരിയും ജീവനും കൊണ്ട് ഓടി; കീഴ്പ്പെടുത്തുന്നതിനിടെ പൊലീസ് ജീപ്പിൽ നിന്ന് റോഡിലേക്ക് ചാടി!

1 Min Read

കോട്ടയം: വീടിനുള്ളിലെ രണ്ട് ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ച യുവാവിനെ പൊലീസും ഫയർഫോഴ്‌സും ചേർന്ന് സാഹസികമായി പിടികൂടി. കൂട്ടിക്കൽ പഴയ പോസ്റ്റിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

കൂട്ടിക്കൽ കരിപ്പയിൽ ഇബ്രാഹിം (25)നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ മുതൽ ഇയാൾ വീട്ടിൽ ബഹളംവച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് മാതാവും ഇളയ സഹോദരിയും വീടുവിട്ടിറങ്ങിയതോടെ വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളുടെ വാൽവ് തുറന്നുവിട്ടതോടെയാണ് പ്രദേശത്ത് പരിഭ്രാന്തി പടർന്നത്.

വിവരമറിഞ്ഞെത്തിയ മുണ്ടക്കയം പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ചെലിക്കുഴിക്ക് സമീപം പറത്താനം കവലയിൽവച്ച് പൊലീസ് വാഹനത്തിൽ നിന്ന് റോഡിലേക്ക് ചാടിയ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ പൊലീസും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് ഇയാളെ വീണ്ടും പിടികൂടുകയും മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary
A 25-year-old man was arrested in Kottayam after allegedly creating panic by opening two LPG cylinders inside his house. Police and Fire Force personnel managed to overpower him after a prolonged operation. He later attempted to escape by jumping from the police vehicle but was caught again with the help of local residents.

Share This Article