“കുപ്പികൾ ഓടയിലേക്ക് എറിഞ്ഞു! തെളിവ് നശിപ്പിക്കാൻ നോക്കിയ പൊലീസുകാരൻ അരുവിക്കരയിൽ പിടിയിൽ”

1 Min Read

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച പൊലീസുകാരൻ കുടുംബം സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചുകയറിയ സംഭവത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ അരുവിക്കരയിലെ സി.ഇ.ടി എൻജിനീയറിങ് കോളേജിന് സമീപമാണ് അപകടമുണ്ടായത്.

വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അനൂപാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. നിയന്ത്രണം വിട്ടെത്തിയ വാഹനം കുടുംബം സഞ്ചരിച്ച കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അപകടത്തെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടുകയും വിവരം വിളപ്പിൽശാല പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിനിടെ, വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികൾ സമീപത്തെ ഓടയിലേക്ക് എറിഞ്ഞ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി നാട്ടുകാർ ആരോപിച്ചു. പിന്നീട് ഓടയിൽ നിന്ന് കുപ്പികൾ കണ്ടെത്തി പൊലീസിന് കൈമാറിയതായും പറയുന്നു.

സംഭവസ്ഥലത്തെത്തിയ വിളപ്പിൽശാല പൊലീസ് അനൂപിനെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ രണ്ട് കുട്ടികളെയും നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്കുകൾ ഗുരുതരമല്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

പൊലീസുകാരനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചതായി സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

English Summary

A civil police officer allegedly driving under the influence of alcohol caused a road accident in Thiruvananthapuram after his car collided with a family vehicle. Two children sustained injuries and were hospitalized. The officer was taken into custody, and medical examination reportedly confirmed alcohol consumption. Police have launched an investigation.

Share This Article