പ്രളയഭീതി; ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുമായി റെഡ് അലർട്ട്! മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ!

2 Min Read

കോട്ടയം: രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിക്കുന്നതിനൊപ്പം മഴയുടെ തീവ്രതയും വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായതും അതിശക്തമായതുമായ മഴ തുടരുമെന്നാണ് പ്രവചനം.

ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിലധികം മഴ ലഭിക്കാനുള്ള സാധ്യതയെയാണ് റെഡ് അലർട്ട് സൂചിപ്പിക്കുന്നത്.

മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിലും മലയോര പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗര-താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് എന്നിവയ്ക്ക് കാരണമായേക്കാം. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം, ജൂൺ 9ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 10, 11 തീയതികളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 12ന് എറണാകുളം മുതൽ കാസർകോട് വരെയുള്ള എട്ട് ജില്ലകളിലും മഞ്ഞ അലർട്ട് തുടരും.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

അടുത്ത നാല് ദിവസത്തിനുള്ളിൽ മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, സിക്കിം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും കാലവർഷം കൂടുതൽ വ്യാപിക്കുമെന്നും ഐഎംഡി അറിയിച്ചു.

English Summary:
The India Meteorological Department (IMD) has warned of intensified monsoon activity across Kerala and other parts of India. Red Alert has been issued for Kozhikode, Kannur and Kasaragod districts due to the possibility of extremely heavy rainfall. Authorities have cautioned about risks of flash floods, landslides, waterlogging and strong winds, especially in coastal and hilly regions.

Share This Article