ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നേട്ടത്തിന് ഉടമയാകും. 2014 മേയ് 26ന് പ്രധാനമന്ത്രി പദമേറ്റ് അധികാരത്തിലെത്തിയ മോദി, നാളെയോടെ 4,399 ദിവസം പദവിയിൽ പൂർത്തിയാക്കി ജവഹർലാൽ നെഹ്റുവിന്റെ റെക്കാഡ് മറികടക്കും.
1952 മേയ് 13 മുതൽ 1964 മേയ് 27 വരെ തുടർച്ചയായി 4,398 ദിവസമാണ് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്. ഇതോടെയാണ് ഏറ്റവും കൂടുതൽ ദിവസം പ്രധാനമന്ത്രി പദവി വഹിച്ച നേതാക്കളിൽ മോദി ഒന്നാം സ്ഥാനത്തെത്തുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 4,077 ദിവസമാണ് ആ പദവിയിൽ സേവനമനുഷ്ഠിച്ചത്.
പ്രധാനമന്ത്രി പദവിയിൽ 12 വർഷം പൂർത്തിയാകുന്ന വേളയിലാണ് മോദിയുടെ ഈ ചരിത്ര നേട്ടം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ കഴിഞ്ഞ 12 വർഷം ദരിദ്രരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച കാലഘട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൻധൻ അക്കൗണ്ടുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതി (DBT), സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളിലൂടെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞതായി മോദി അവകാശപ്പെട്ടു.
വികസന പദ്ധതികളുടെ നേട്ടങ്ങൾ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിൽ സാങ്കേതികവിദ്യ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ നിരവധി മേഖലകളിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
English Summary:
Prime Minister Narendra Modi is set to become the longest-serving Prime Minister in India by surpassing Jawaharlal Nehru’s record of 4,398 days in office. Having assumed office on May 26, 2014, Modi will complete 4,399 days as Prime Minister. Marking 12 years in office, he highlighted welfare initiatives for the poor and underprivileged, including Jan Dhan, Ayushman Bharat, Jal Jeevan Mission and Direct Benefit Transfer schemes.
