തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ഈ മാസം 15 മുതൽ നടപ്പാക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്.
പദ്ധതി പ്രകാരം ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദിനംപ്രതി കണക്ക് കെഎസ്ആർടിസി ശേഖരിക്കും. ഓരോ മാസവും സൗജന്യ യാത്ര മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കി സർക്കാരിനെ അറിയിക്കുകയും ആ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകുകയും ചെയ്യും.
സ്ത്രീകൾക്കൊപ്പം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാനമോ തൊഴിൽ നിലയോ അടിസ്ഥാനമാക്കിയുള്ള യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തനം പ്രത്യേകമായി വിലയിരുത്തും. സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന, അധിക സാമ്പത്തിക ബാധ്യത, പൊതുസമൂഹത്തിന്റെ പ്രതികരണം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച ശേഷമാകും ആവശ്യമായ മാറ്റങ്ങൾ പരിഗണിക്കുക.
ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ പ്രതിവർഷം ഏകദേശം 712 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ കണക്ക്. പദ്ധതി മറ്റ് വിഭാഗം ബസുകളിലേക്കും വ്യാപിപ്പിച്ചാൽ ചെലവ് 1300 കോടി രൂപയിലേറെ വരുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഫാസ്റ്റ്, സൂപ്പർക്ലാസ് ഉൾപ്പെടെയുള്ള ഉയർന്ന നിരക്കുള്ള സർവീസുകളിലേക്ക് സൗജന്യ യാത്രാ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പ്രത്യേകിച്ച് തിരുവനന്തപുരം നഗരത്തിൽ കൂടുതലായി സർവീസ് നടത്തുന്ന സിറ്റി ഫാസ്റ്റ് ബസുകളെ പദ്ധതിയിൽ ഉൾപ്പെടുത്തുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.
പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി ആവശ്യമുണ്ടോയെന്നും സർക്കാർ പരിശോധിക്കും.
English Summary:
The Kerala government has decided to introduce free travel for women in KSRTC ordinary buses from June 15. The benefit will also be extended to transgender persons without any income-based restrictions. The government will reimburse KSRTC for the financial burden of the scheme, which is estimated at ₹712 crore annually. A review will be conducted after the first 100 days, while no decision has yet been taken on extending the benefit to City Fast or other higher-class services.
