സ്വന്തം പിതാവിനെ കാണാതായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ കണ്ണീരോടെ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു പെൺകുട്ടി. കഴിഞ്ഞ പതിനാല് ദിവസത്തിലേറെയായി തന്റെ അച്ഛനെക്കുറിച്ച് യാതൊരു വിവരവുമില്ല എന്നാണ് ഈ മകൾ സങ്കടത്തോടെ പറയുന്നത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ ബാബു രാജിനെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായിരിക്കുന്നത്.
തന്റെ പ്രിയപ്പെട്ട അച്ഛനെ എങ്ങനെയെങ്കിലും കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ബാബുരാജിന്റെ മകൾ സ്വാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുള്ളത്. വലിയ ആശങ്കയോടെയാണ് ഈ കുടുംബം ഇപ്പോൾ ദിവസങ്ങൾ തള്ളിനീക്കുന്നത്.
പതിവ് പോലെ വീട്ടിൽ നിന്നും ജോലി ആവശ്യങ്ങൾക്കായി ഇറങ്ങിയതാണ് അദ്ദേഹമെന്നാണ് മകൾ വ്യക്തമാക്കുന്നത്. കേശവദാസപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നും യാത്ര തിരിച്ചതെന്നും മകൾ ഓർക്കുന്നു. മേയ് മാസം ഇരുപത്തിയൊന്നാം തിയതി രാവിലെ പത്ത് മണി വരെ അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ കോളുകൾ എടുക്കുന്നുണ്ടായിരുന്നു.
എന്നാൽ അതിനുശേഷം ഫോൺ പരിധിക്ക് പുറത്താവുകയും പിന്നീട് പൂർണ്ണമായി ഓഫാകുകയും ചെയ്തു. വൈകുന്നേരമായിട്ടും പിതാവിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതോടെ കുടുംബം വലിയ പരിഭ്രാന്തിയിലായി. തുടർന്ന് അന്നേ ദിവസം തന്നെ വട്ടപ്പാറ പോലീസിൽ കുടുംബം പരാതി നൽകുകയായിരുന്നു. ഇന്നിപ്പോൾ പിതാവിനെ കാണാതായിട്ട് പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.
അച്ഛനെ പല സ്ഥലങ്ങളിലും കണ്ടുവെന്ന് ചിലരൊക്കെ പറയുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് കൃത്യമായ സ്ഥിരീകരണമില്ലെന്നും പെണ്‍കുട്ടി പറയുന്നു. അദ്ദേഹത്തെ എവിടെയെങ്കിലും കാണുന്നവര്‍ ദയവായി വിവരമറിയിക്കണമെന്നാണ് സ്വാതിയുടെ വിതുമ്പലോടെയുള്ള അഭ്യര്‍ഥന.
ഈ വീഡിയോ കാണുന്ന തിരുവനന്തപുരത്തുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാർ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണമെന്നും പെൺകുട്ടി അഭ്യർത്ഥിക്കുന്നുണ്ട്. അവസാനമായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ചാരനിറമുള്ള ഷർട്ടും നീല ജീൻസുമാണ് അദ്ദേഹം ധരിച്ചിരുന്നത്.
ഇൻഷുറൻസ് അഡ്വൈസറായ ബാബുരാജ് റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഇതുകൂടാതെ കരോക്കെ ഗാനമേളകളിൽ മികച്ചൊരു ഗായകനായും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
ഫോൺ നമ്പറുകൾ: 9778523014, 9496545710
English Summary
Swathi, a young woman, has requested help on social media to find her missing father, Babu Raj, an insurance advisor and singer from Vattappara. He went missing on May 21 after leaving for Kesavadasapuram. His phone has been switched off since then. Anyone with information should contact 9778523014 or 9496545710.
