കൃത്രിമ അവയവം ഉപയോഗിക്കുന്നവർക്ക് വൻ ആശ്വാസം; ‘ആജീവനാന്ത ചെലവ്’ ഇൻഷുറൻസിൽ കിട്ടും! കോടതി വിധിയിലെ നിർണ്ണായക വിവരങ്ങൾ വായിക്കാം

1 Min Read
1 Min Read

കൊച്ചി: വാഹനാപകടങ്ങളിൽ കൈകാലുകൾ നഷ്ടപ്പെട്ട് കൃത്രിമ അവയവങ്ങൾ ഉപയോഗിക്കേണ്ടിവരുന്നവർക്ക് സുപ്രധാന ആശ്വാസമായി ഹൈക്കോടതി വിധി. കൃത്രിമ അവയവം സ്ഥാപിക്കുന്നതിനുള്ള ചെലവ് മാത്രമല്ല, അത് ഇടയ്‌ക്കിടെ മാറ്റിവയ്‌ക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവും നഷ്ടപരിഹാരത്തിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കാറിടിച്ച് വലതുകാൽ മുട്ടിന് മുകളിൽ മുറിച്ചുനീക്കേണ്ടിവന്ന കണ്ണൂർ സ്വദേശിയായ യുവാവിന്റെ കേസിലാണ് ജസ്റ്റിസ് എം.ബി. സ്‌നേഹലത നിർണായക നിരീക്ഷണം നടത്തിയത്. ഇതോടെ യുവാവിന് അനുവദിച്ച നഷ്ടപരിഹാരം 19.54 ലക്ഷം രൂപയിൽ നിന്ന് 54.98 ലക്ഷം രൂപയായി ഉയർത്തി.

2008-ൽ 24-ാം വയസിൽ അപകടത്തിൽപ്പെട്ട യുവാവ് തലശേരി മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ നിശ്ചയിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൃത്രിമക്കാൽ സ്ഥാപിക്കുന്നതിനായി 3.47 ലക്ഷം രൂപ മാത്രമാണ് ട്രൈബ്യൂണൽ അനുവദിച്ചത്. എന്നാൽ ഭാവിയിൽ നിശ്ചിത ഇടവേളകളിൽ കൃത്രിമക്കാൽ മാറ്റിവയ്‌ക്കേണ്ടതും അതിന്റെ പരിപാലനച്ചെലവും കണക്കിലെടുത്തിരുന്നില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. അപകടസമയത്ത് ഷാർജയിൽ ജോലി ചെയ്തിരുന്നതും ട്രൈബ്യൂണൽ പരിഗണിച്ചിരുന്നില്ല.

ശരീരത്തിന് സംഭവിച്ച പരിക്ക് മാത്രമല്ല, അപകടം മൂലം വ്യക്തിയുടെ ജീവിതനിലവാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ കണക്കിലെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാൽ നഷ്ടപ്പെടുന്നത് ചലനശേഷി, തൊഴിൽ, വരുമാനം, വിവാഹജീവിതം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

അതുകൊണ്ട് തന്നെ സമ്പൂർണ ജീവിതം നയിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതും പരിഗണിച്ച് ന്യായവും യുക്തിസഹവുമായ നഷ്ടപരിഹാരമാണ് നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.

English Summary:

The Kerala High Court has ruled that compensation for accident victims who lose limbs must include not only the cost of artificial limbs but also future replacement and maintenance expenses. In a key judgment, the court increased a victim’s compensation from ₹19.54 lakh to ₹54.98 lakh.

Share This Article