14-ാം വയസ്സിലെ ആദ്യ കൊലപാതകം, പിന്നാലെ മറ്റൊന്ന് കൂടി! നാല് പതിറ്റാണ്ടിന് ശേഷം കുറ്റബോധത്തോടെ സ്റ്റേഷനിലെത്തിയ പ്രതി…

1 Min Read
1 Min Read

കോഴിക്കോട്: നാല് പതിറ്റാണ്ട് മുമ്പ് നടത്തിയതായി പറഞ്ഞ രണ്ട് കൊലപാതകങ്ങളിൽ ഒന്നിലെ ഇരയെ പൊലീസ് തിരിച്ചറിഞ്ഞു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള അന്വേഷണത്തിലാണ് 1986 നവംബറിൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി മോഹനനാണെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷമാണ് മുഹമ്മദലി രണ്ട് കൊലപാതകങ്ങൾ നടത്തിയതായി പൊലീസിന് മുന്നിൽ സമ്മതിച്ചത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കേസ് തിരുവമ്പാടി പൊലീസിന് കൈമാറുകയായിരുന്നു. നിലവിൽ ജാമ്യത്തിലായ മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മോഹനന്റെ സഹോദരി തിരിച്ചറിയൽ സ്ഥിരീകരിച്ചതായും മരിച്ചയാൾക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന വിവരവും ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടരഞ്ഞി കൊലപാതകവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

14-ാം വയസിൽ കൂലിപ്പണിക്കിടെ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരാളെ തോട്ടിലേക്ക് തള്ളിയിട്ടതായും പിന്നീട് ഇയാൾ മരിച്ചതായി അറിഞ്ഞതായുമാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. അന്ന് മരിച്ചയാളെ തിരിച്ചറിയാൻ കഴിയാതിരുന്നതിനാൽ അജ്ഞാത മൃതദേഹമായി സംസ്കരിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

കൂടരഞ്ഞി സംഭവത്തിന് മൂന്ന് വർഷത്തിന് ശേഷം കോഴിക്കോട് ബീച്ച് പ്രദേശത്ത് മറ്റൊരു കൊലപാതകവും നടത്തിയതായി മുഹമ്മദലി സമ്മതിച്ചിരുന്നു. 1989-ൽ വെള്ളയിൽ ബീച്ചിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹമാണ് രണ്ടാമത്തെ ഇരയോയെന്ന് പരിശോധിച്ചുവരികയാണ്.

40 വർഷമായി മനസ്സിനെ അലട്ടിയ സംഭവത്തിന് അവസാനമിടാനാണ് താൻ പൊലീസിനെ സമീപിച്ചതെന്നും ഇപ്പോൾ ഒരാളെ തിരിച്ചറിഞ്ഞതിൽ മനഃസമാധാനമുണ്ടെന്നും, നിയമം നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും മുഹമ്മദലി പ്രതികരിച്ചു.

English Summary:

Police have identified one of the victims in a 1986 murder case after a Malappuram man confessed last year to committing two killings nearly 40 years ago. The victim was confirmed as Mohanan from Kannur, while investigators continue efforts to identify the second victim.

Share This Article