പുലർച്ചെ 5 മണിക്ക് നോക്കിയപ്പോൾ ബസ് കാണാനില്ല! പിന്നാലെ വെച്ചുപിടിച്ച് കെഎസ്ആർടിസി ജീവനക്കാർ; മംഗളം ടവറിന് മുന്നിൽ ബസ് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു

1 Min Read

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓർഡിനറി ബസ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച പുലർച്ചെയാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ബസ് കൊണ്ടുപോകാൻ അജ്ഞാതൻ ശ്രമിച്ചത്.

ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് പ്രതി സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോയത്. പുലർച്ചെ അഞ്ച് മണിയോടെ സർവീസിനായി ബസ് എടുക്കാനെത്തിയ ജീവനക്കാരാണ് വാഹനം കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.

ബസ് മോഷണം പോയെന്ന് മനസിലായതോടെ കെഎസ്ആർടിസി ജീവനക്കാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നു. ജീവനക്കാർ പിന്നാലെയുണ്ടെന്ന് തിരിച്ചറിഞ്ഞ മോഷ്ടാവ് പിടിയിലാകുമെന്ന ഭയത്തിൽ നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബസ് മോഷ്ടിക്കാനെന്ന ലക്ഷ്യത്തോടെയാണോ പ്രതി എത്തിയത്, അല്ലെങ്കിൽ മറ്റേതെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഡിപ്പോ പരിസരത്തെയും ബസ് ഉപേക്ഷിച്ച സ്ഥലത്തിനടുത്തുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ ഉടൻ തിരിച്ചറിഞ്ഞ് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

English Summary:
An unidentified man allegedly stole a KSRTC ordinary bus from the Palakkad depot in the early hours of Sunday. KSRTC staff noticed the bus missing and chased it in other vehicles. Realizing he was being followed, the suspect abandoned the bus near Mangalam Tower and fled. Police have launched an investigation using CCTV footage from the depot and surrounding areas.

ksrtc-bus-theft-attempt-in-palakkad-suspect-abandons-bus-and-flees

KSRTC, Bus Theft, Palakkad, Kerala Police, Crime News, KSRTC Bus, CCTV Investigation, Kerala News, Palakkad South Police, Vehicle Theft

Share This Article