മുരിങ്ങ ഉൽപന്നങ്ങൾ നിരോധിച്ചു; വിൽക്കാനും ഇറക്കുമതി ചെയ്യാനും വിലക്ക്

2 Min Read
2 Min Read

കാൻബറ: മലയാളികളുടെ ഭക്ഷണശീലങ്ങളിൽ സുപ്രധാന സ്ഥാനമുള്ള മുരിങ്ങയും അതിൽ നിന്നുള്ള ഉൽപന്നങ്ങളും ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും കർശന നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കുകയാണ്. മുരിങ്ങയെ ഭക്ഷ്യവസ്തുവായോ ഭക്ഷ്യസപ്ലിമെന്റായോ വിൽക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിലവിൽ അനുവദനീയമല്ലെന്നതാണ് ബന്ധപ്പെട്ട അധികാരികളുടെ നിലപാട്.

ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസീലൻഡ് (FSANZ) നടത്തിയ വിലയിരുത്തലിൽ, മുരിങ്ങയുടെ സുരക്ഷ സംബന്ധിച്ച മതിയായ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ മുരിങ്ങയെ ‘നോവൽ ഫുഡ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുരിങ്ങയില, പച്ച മുരിങ്ങക്കായ, വിത്തിൽ നിന്നുള്ള എണ്ണ എന്നിവ ഭക്ഷ്യവസ്തുവായി വിപണനം ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും, മനുഷ്യാരോഗ്യത്തിന് പൂർണ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന മതിയായ ഡാറ്റ സമർപ്പിക്കാൻ അപേക്ഷകർക്ക് കഴിഞ്ഞില്ല. ഇതോടെ അപേക്ഷ തള്ളുകയും നിയന്ത്രണങ്ങൾ തുടരുകയും ചെയ്തു.

പുതിയ ചട്ടപ്രകാരം മുരിങ്ങപ്പൊടി, മുരിങ്ങ ഗുളികകൾ, മുരിങ്ങ ചായ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വാണിജ്യ വിൽപനയും ഇറക്കുമതിയും അനുവദനീയമല്ല. നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വ്യക്തിഗത ആവശ്യങ്ങൾക്കായി വീടുകളിൽ മുരിങ്ങമരം നട്ടുവളർത്തുന്നതിനോ ഇലകളും കായകളും സ്വകാര്യമായി ഉപയോഗിക്കുന്നതിനോ വിലക്കില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനും വിപണനത്തിനുമാണ് നിയന്ത്രണം ബാധകമാകുന്നത്.

ഇതിനിടെ, വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ നീക്കം ചെയ്യാൻ മുരിങ്ങ വിത്തുകൾ സഹായകരമാണെന്ന കണ്ടെത്തലും ശ്രദ്ധ നേടുന്നുണ്ട്. ‘ACS Omega’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, മുരിങ്ങ വിത്തുകളിലെ ചില ഘടകങ്ങൾക്ക് ജലശുദ്ധീകരണത്തിൽ ഫലപ്രദമായ പങ്കുവഹിക്കാൻ കഴിയും.

English Summary

Australia and New Zealand have imposed strict restrictions on the commercial sale and import of moringa and moringa-based products. Food Standards Australia New Zealand (FSANZ) classified moringa as a “novel food” due to insufficient safety data supporting its use as a food product. As a result, moringa leaves, pods, seed oil, powders, teas, and supplements cannot be commercially sold or imported. However, individuals are still allowed to grow moringa in their home gardens and consume it privately. Meanwhile, recent research published in ACS Omega suggests that moringa seeds may help remove microplastics from water.

Share This Article