facebook

പ്രമുഖർ പഠിച്ച സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിൽ; ഒടുവിൽ രക്ഷകരായി എത്തിയത് ആ ‘അതിഥികൾ’!

2 Min Read

കോഴിക്കോട്: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സർക്കാർ സ്കൂൾ. എന്നാൽ ഇന്ന് അതിന്റെ നിലനിൽപ്പിന് കരുത്താകുന്നത് അതിഥിത്തൊഴിലാളികളുടെ മക്കളാണ്. കോഴിക്കോട് പാളയം ചിന്താവളപ്പിലെ ബൈരായിക്കുളം ഗവൺമെന്റ് എൽ.പി. സ്കൂളിൽ ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ 12 കുട്ടികളും അന്യസംസ്ഥാനക്കാരാണ്.

പ്രവേശനോത്സവ ചടങ്ങിൽ കുട്ടികളെ ഹിന്ദിയിൽ സ്വാഗതം ചെയ്ത പ്രഥമ അധ്യാപിക കെ.പി. ദീപ്തിയുടെ വാക്കുകൾ ശ്രദ്ധേയമായി. കുട്ടികൾക്കായി ബലൂണുകൾ പൊട്ടിച്ചും വിവിധ പരിപാടികൾ സംഘടിപ്പിച്ചും സ്കൂൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു.

നാടകാചാര്യൻ കെ.ടി. മുഹമ്മദ് അടക്കമുള്ള പ്രമുഖർ പഠിച്ച ഈ സ്കൂളിൽ നാലാം ക്ലാസ് വരെ ആകെ 34 വിദ്യാർഥികളാണുള്ളത്. അതിൽ മൂന്ന് പേർ മാത്രമാണ് മലയാളികൾ. ബാക്കി എല്ലാവരും ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികളുടെ മക്കളാണ്.

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന സ്കൂളിനെ നിലനിർത്താൻ അധ്യാപകർ നടത്തിയ കൂട്ടായ പരിശ്രമമാണ് ഈ മാറ്റത്തിന് പിന്നിൽ. കുട്ടികളുമായി മികച്ച ആശയവിനിമയം നടത്തുന്നതിനായി അധ്യാപകരും ഹിന്ദി പഠിച്ചു. അതേസമയം, സ്കൂളിലെ വിദ്യാർഥികൾ മലയാളവും പഠിച്ചെടുക്കുകയാണ്.

ബീഹാർ സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാർഥിനി ശിവാനി കഴിഞ്ഞ വർഷം മലയാളം പദ്യം ചൊല്ലൽ മത്സരത്തിൽ ഉപജില്ലാതലത്തിൽ എ ഗ്രേഡ് നേടിയതും സ്കൂളിന്റെ അഭിമാന നേട്ടമാണ്.

വിദ്യാർഥികളുടെ ഭക്ഷണരീതിക്കും അനുസരിച്ച് ഉച്ചഭക്ഷണ മെനുവിലും മാറ്റം വരുത്തി. ചോറും സാമ്പാറും രസവുമെന്ന പതിവ് മെനുവിന് പകരം പരിപ്പ്, സോയ, ഉരുളക്കിഴങ്ങ്, സവാള എന്നിവ ഉൾപ്പെടുത്തിയ വിഭവങ്ങളാണ് നൽകുന്നത്. സർക്കാർ അനുവദിക്കുന്ന ഫണ്ടിനൊപ്പം അധ്യാപകരും സ്വന്തം നിലയിൽ സാമ്പത്തിക സഹായം നൽകി ഈ ക്രമീകരണങ്ങൾ നടത്തുന്നു.

English Summary:

A government lower primary school in Kozhikode, once facing closure, is now surviving thanks to the children of migrant workers. Teachers learned Hindi to communicate better with students, while the children are gradually learning Malayalam, creating a unique model of cultural integration.



Share This Article