ഭോപാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. 27കാരിയായ നീലം കുശ്വാഹയാണ് ഭർത്താവ് ദീൻദയാൽ കുശ്വാഹയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായത്.
സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഭർത്താവിന്റെ മൃതദേഹത്തിനരികിൽ മണിക്കൂറുകളോളം കഴിഞ്ഞ ശേഷം നീലം സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നീലം നൽകിയ മൊഴിപ്രകാരം, മദ്യലഹരിയിൽ വീട്ടിലെത്തിയ ദീൻദയാൽ വാതിൽ തുറക്കാത്തതിനെ തുടർന്ന് ബഹളംവെച്ചു. പിന്നീട് വാതിൽ തുറന്ന മകനെ ഉപദ്രവിച്ചതാണ് തനിക്ക് പ്രകോപനമായതെന്നും അവർ പൊലീസിനോട് പറഞ്ഞു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സമീപത്തുണ്ടായിരുന്ന വടി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് മൊഴി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദീൻദയാൽ സംഭവസ്ഥലത്തുവെച്ച് മരിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് മണിക്കൂറുകളോളം വീട്ടിൽ കഴിഞ്ഞ യുവതി സമീപത്തെ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ച ശേഷം പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയതായും അധികൃതർ വ്യക്തമാക്കി.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി മൃതദേഹം കണ്ടെത്തി പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്.
English Summary
A woman in Madhya Pradesh’s Chhatarpur has been arrested in connection with the death of her husband. Police said 27-year-old Neelam Kushwaha allegedly attacked her husband, Deendayal Kushwaha, with a stick following a family dispute. According to her statement, she was angered after he allegedly assaulted their child while intoxicated. After the incident, she reportedly remained near the body for several hours, visited a temple, and then surrendered at a police station. Authorities have launched an investigation and are examining all aspects of the case.
